ഒരു ചൂടുചായയിലാണ് നമ്മളില്‍ പലരുടെയും ദിവസം തുടങ്ങുന്നത്. വെറും ചായയല്ല.. ചൂടും മധുരവും കടുപ്പവും കൂട്ടിയും കുറച്ചും ഓരോരുത്തര്‍ക്കും ഓരോ സ്‌പെഷ്യല്‍ ചായയാണ്. കോള്‍ഡ് കോഫിയാകാം.. പക്ഷെ കോള്‍ഡ് ടീ മലയാളി സങ്കല്പങ്ങള്‍ക്ക് പുറത്താണ്. എന്തിനും ഏതിനും ഒരു ചായ കുടിച്ചാല്‍ പരിഹാരമാകും എന്ന തരത്തില്‍ ചായയെ നിത്യജീവിതത്തിന്റെ ഭാഗമാക്കിയവരാണ് മലയാളികള്‍. അതില്‍ തന്നെ
ചായയാകുമ്പോള്‍ ചൂടോടെ വേണം എന്ന നിര്‍ബന്ധ ബുദ്ധിക്കാരാണ് നമ്മില്‍ പലരും.. എന്നാല്‍ ചൂടന്‍ ചായ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് കാന്‍സറിലെ പഠനം പറയുന്നത്.

അമിത ചൂടില്‍ ചായ കുടിക്കുന്നത് അന്നനാള കാന്‍സറിന് വഴിവെക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 60 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചായ കുടിക്കുന്ന 40- 75ന് ഇടയില്‍ പ്രായമുള്ള 50045 പേരിലാണ് പഠനം നടത്തിയത്. 2004 ല്‍ ആരംഭിച്ച പഠനത്തിന്റെ അടിസ്ഥാനത്തില്‍ അമിതമായ ചൂടില്‍ ചായ കുടിക്കുന്നവരില്‍ അന്നനാള കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി.

ചായയാണ് പ്രശ്‌നക്കാരന്‍ എന്നുകരുതിയാല്‍ തെറ്റി.. 65 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന്് ലോകാരോഗ്യ സംഘടന 2016ല്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിളപ്പിച്ച ചായയോ മറ്റുപാനീയങ്ങളോ ചുരുങ്ങിയത് നാലു മിനിറ്റ് എങ്കിലും തണുപ്പിച്ച് മാത്രമേ കുടിക്കാവു എന്നാണ് ഗവേഷകരുടെ നിര്‍ദേശം