ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളും റസ്റ്റോറന്‍റുകളുമായി തുടരുന്ന തര്‍ക്കങ്ങളെതുടര്‍ന്ന് 1,200ലേറെ റസ്റ്റോറന്‍റുകള്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളുമായുള്ള സഹകരണം നിര്‍ത്തി. മുംബൈ, ദില്ലി, ബംഗളുരു, കൊല്‍ക്കത്ത, ഗോവ, പുണെ, വഡോദര തുടങ്ങിയ നഗരങ്ങളിലെ ഭക്ഷണശാലകളാണ് ഓണ്‍ലൈന്‍ കമ്പനികളുമായി ഇടപാട് വേണ്ടെന്നുവെച്ചത്.

സൊമാറ്റോ, ഈസിഡൈനര്‍, നിയര്‍ബൈ, മാജിക് പിന്‍ തുടങ്ങിയ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളുമായുള്ള ഇടപാടാണ് റസ്റ്റോറന്‍റുകള്‍ നിര്‍ത്തലാക്കിയത്. ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ വന്‍തോതില്‍ വിലക്കുറവ് നല്‍കുന്നത് ബിസിനസിനെ ബാധിക്കുമെന്ന് കാണിച്ചാണ് റസ്റ്റോറന്‍റുകളുടെ പിന്മാറ്റം.

65 പ്രമുഖ ഹോട്ടലുകളാണ് തങ്ങളുമായുള്ള ഇടപാടുകളില്‍ നിന്ന് പിന്മാറിയതെന്ന് സൊമാറ്റോ സ്ഥാപകന്‍ ദീപിന്ദര്‍ ഗോയല്‍ അറിയിച്ചു. പെട്ടെന്നുള്ള പിന്മാറ്റത്തിനെതിരെ സൊമാറ്റോ രംഗത്തുവന്നിട്ടുണ്ട്. 45 ദിവസത്തെ നോട്ടീസ് നല്‍കിയതിനുശേഷം മാത്രമേ പിന്മാറാവൂയെന്നാണ് കരാറെന്നും സൊമാറ്റ പറയുന്നു. അതേസയമം ഗുഡ്ഗാവില്‍ ക‍ഴിഞ്ഞയാ‍ഴ്ച തുടങ്ങിയ #ലോഗ്ഔട്ട് ക്യാമ്പയിന്‍ രാജ്യമാകെ വ്യാപിച്ചതാണെന്നും അമിത ഡിസ്കൗണ്ട് ഹോട്ടല്‍ വ്യവസായികള്‍ക്ക് താങ്ങാനാവുന്നതല്ലെന്നും നാഷണല്‍ റസ്റ്റോറന്‍റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്‍റ് രാഹുല്‍ സിങ്ങ് പറയുന്നു.

ക‍ഴിഞ്ഞ മാസം ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കൊണ്ടുവന്നത് അഹിന്ദുവാണെന്ന കാരണത്താല്‍ ഓർഡർ റദ്ദാക്കിയ ഉപയോക്താവിന്‍റെ വിചിത്ര നടപടിക്ക് സൊമാറ്റോ നൽകിയ മറുപടിക്ക് സൈബര്‍ ലോകം കയ്യടിച്ചിരുന്നു. ഭക്ഷണത്തിനു മതമില്ല, അത് തന്നെ മതമാണെന്നായിരുന്നു സൊമാറ്റോ നൽകിയ മറുപടി.‌ ഈ മറുപടിക്ക് ശേഷം ബീഫും പോര്‍ക്കും വിതരണം ചെയ്യാന്‍ സൊമാറ്റോയുടെ ഒരുവിഭാഗം ജീവനക്കാര്‍ വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൊമാറ്റോ ഉള്‍പ്പെടെ ഏതാനും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളുമായുള്ള കരാറില്‍ നിന്ന് റസ്റ്റോറന്‍റുകള്‍ പിന്മാറുന്നത്.