മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്കുള്ള കെ.എസ്.ഇ.ബിയുടെ തുക വകമാറ്റിയിട്ടില്ലെന്ന് ചെയർമാൻ എൻ.എസ് പിള്ള.

സാലറി ചാലഞ്ചിലൂടെ സമാഹരിച്ച തുകയ്ക്കെതിരെയായിരുന്നു ആക്ഷേപമുയർന്നത്. 10 മാസമായി ജീവനക്കാർ നൽകിയ തുക സമാഹരിച്ച് 132 കോടി രൂപയായി മുഖ്യമന്ത്രിക്ക് നൽകാനായി ഇൗ മാസം 16 ഉത്തരവിറക്കിയിരുന്നതായും കെ.എസ്.ഇ.ബി വ്യക്തമാക്കി.

2018ലെ മഹാപ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ കെ.എസ്.ഇ.ബി ആദ്യ ഘട്ടത്തിൽ 50 കോടി രൂപ സമാഹരിച്ച് മുഖ്യമന്ത്രിക്ക് നൽകി.

തുടർന്ന് പ്രഖ്യാപിച്ച സാലറി ചാലഞ്ചിലെ തുക പക്ഷെ പൂർണമായും സമാഹരിച്ച ശേഷം നൽകാനായിരുന്നു ബോർഡിന്‍റെ തീരുമാനം.

കാരണം ഒരു മാസത്തെ ശമ്പളം ഒറ്റ തവണയായി നൽകാൻ സാധിക്കില്ലെന്നും ഇതി പത്ത് മാസമായി പിരിക്കണമെന്നുമുള്ള ജീവനക്കാരുടെ ആവശ്യം കെ.എസ്.ഇ.ബി അംഗീകരിച്ചു.

ഇത്തരത്തിൽ സമാഹരിച്ച തുക വകമാറ്റി എന്നതായിരുന്നു ബോർഡിനെതിരെ ഉയർന്ന ആക്ഷേപം. വസ്തുതാ വിരുദ്ധമാണ് അത്തരത്തിലെ വാർത്തകളെന്ന് കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ്.പിള്ള വ്യക്തമാക്കി.

2019 ജൂലൈയിലാണ് പത്ത് മാസത്തെ തുക സമാഹരണം അവസാനിച്ചത്. തുടർന്ന് സാലറി ചാലഞ്ചിലൂടെ ലഭിച്ച 132.46 കോടി രൂപ ചെക്കായി പിൻവലിക്കാൻ ഇൗ മാസം 16 ന് കെ.എസ്.ഇ.ബി ഉത്തരവും ഇറക്കിയിരുന്നു.

ദുരിതാശ്വാസ നിധിയിലെയ്ക്ക് ഒറ്റ തവണയായി വലിയ തുകയായി നൽകാനുള്ള കെ.എസ്.ഇ.ബിയുടെ തീരുമാനത്തെയാണ് വസ്തുതകൾ പരിശോധിക്കാതെ ചിലർ വ്യാജ വാർത്ത നൽകിയതെന്നും ചെയർമാൻ കുറ്റപ്പെടുത്തി.