2018ലെ മഹാപ്രളയത്തിന്റെയും അതിജീവനത്തിന്റെയും നേര്‍ക്കാഴ്ചകളൊരുക്കി കൊച്ചിയില്‍ ഫോട്ടോപ്രദര്‍ശനം. എറണാകുളം പ്രസ്‌ക്ലബ്ബും കേരള ലളിതകലാ അക്കാദമിയും ചേര്‍ന്ന് ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയില്‍ ഒരുക്കിയ ഫോട്ടോപ്രദര്‍ശനം നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു.

എറണാകുളത്തെ ഫോട്ടോ ജേണലിസ്റ്റുകളുടെ ക്യാമറയില്‍ പതിഞ്ഞ 100ഓളം ചിത്രങ്ങളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന എക്‌സിബിഷനിലുളളത്.

കേരളം വിറങ്ങലോടെ നോക്കിനിന്ന മഹാപ്രളയം. ആ പേമാരിയില്‍ ഒലിച്ചുപോയ ജീവിതങ്ങളും മനോഹാരിതകളും സ്വപ്നങ്ങളും ഒടുവില്‍ അതിജീവനത്തിന്റെ കരുത്തുമായി മുന്നേറിയ ഓര്‍മ്മകളും നേര്‍ക്കാഴ്ചയായി മുന്നില്‍ നില്‍ക്കുകയാണ് ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയില്‍.

എറണാകുളത്തെ 35 ഫോട്ടോഗ്രാഫര്‍മാര്‍ ഒപ്പിയെടുത്ത 100ഓളം ചിത്രങ്ങളാണ് എറണാകുളം പ്രസ്‌ക്ലബും കേരള ലളിതകലാ അക്കാദമിയും ചേര്‍ന്ന് വെറ്റ് ഫ്രയിംസ് എന്ന പേരില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നടന്‍ മമ്മൂട്ടിയും രക്ഷാപ്രവര്‍ത്തകരായ മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

മഹാപ്രളയവും ദുരന്ത കാഴ്ചകളും എയര്‍ ലിഫ്റ്റിങ് അടക്കമുള്ള രക്ഷാ ദൗത്യവും ദുരിതാശ്വാസ ക്യാമ്പുകളുമെല്ലാം ചിത്രങ്ങളിലൂടെ കാഴ്ചക്കാരുടെ മനസിലേക്ക് എത്തിക്കുന്നു.