രവിവർമ്മ ചിത്രങ്ങൾ പോലെ അഴകുള്ള ‘അമ്പിളി’യിലെ ആ ദൃശ്യങ്ങൾക്ക് പിന്നിൽ…

രവിവർമ്മ ചിത്രങ്ങൾ പോലെ അഴകുള്ള ‘അമ്പിളി’യിലെ ആ ദൃശ്യങ്ങൾക്ക് പിന്നിൽ നവാഗത ഛായാഗ്രാഹകനായ ഇടുക്കി കാരന്റെ കൈകളാണ്. കേൾക്കാൻ ഇഷ്ട്ടമുള്ള കവിതപോലെ, മനോഹരമായ ദൃശ്യങ്ങൾ പ്രേക്ഷകർക്കായി സമ്മാനിക്കുക എന്നത് ഒരു മികച്ച കലാകാരനുമാത്രം കഴിയുന്ന കാര്യം. പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല ‘അമ്പിളി’ എന്ന ചിത്രത്തിലെ മനോഹരമായ കാഴ്ച്ചകളെക്കുറിച്ചാണ്. ഏതൊരു തുടക്കക്കാരനും ചെയ്യുന്നതിനുമപ്പുറമാണ് സംവിധായകന്റെയും പ്രേക്ഷകന്റെയും മനസ്സിന് ഒപ്പം സഞ്ചരിക്കുന്ന ദൃശ്യങ്ങൾ സമ്മാനിക്കുക എന്നത് . അത് കൃത്യമായി ചെയ്യാൻ ശരൺ വേലായുധൻ എന്ന നവാഗത ഛായാഗ്രാഹകന് കഴിഞ്ഞിട്ടുണ്ട്.

സംവിധായകൻ ജോൺ പോളുമായുള്ള സൗഹൃദമാണ് ശരണിനെ അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയായ അമ്പിളിയുടെ പിന്നണിയിലേക്ക് എത്തിക്കുന്നത്. അതും ഛായാഗ്രാഹകന്റെ റോളിൽ. ഒട്ടനവധി പരസ്യചിത്രങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ശരൺ വേലായുധൻ അമ്പിളിയിലേക്ക് എത്തുന്നത് പ്രശസ്ത ക്യാമറാമാൻ ഗിരീഷ് ഗംഗാധരന് പകരക്കാരനായി. അമ്പിളിയുടെ ഛായാഗ്രാഹകനായി ഗിരീഷ് ആയിരുന്നു എത്തേണ്ടിയിരുന്നത്. എന്നാൽ മറ്റ് സിനിമകളുടെ തിരക്ക് മൂലം ഈ ചിത്രം അദ്ദേഹത്തിന് ചെയ്യാൻ സാധിക്കാതെ വന്നതോടെയാണ് ശരണിലേക്ക് ചിത്രം എത്തിയത്.

തന്നെ വിശ്വസിച്ച് അമ്പിളിയുടെ ഛായാഗ്രാഹകനാക്കിയ ചിത്രത്തിന്റെ സംവിധായകനോടും നിർമ്മാതാക്കളോടുമാണ് ശരൺ അതിന് നന്ദി പറയുന്നത്. ശരണൻ സിനിമയിലേക്ക് എത്തുന്നത് ഛായാഗ്രാഹകൻ ആയല്ലാ സഹസംവിധായകൻ ആയാണ്. എന്നാൽ പിന്നീട് നിയോഗം എന്നോണം ഛായാഗ്രഹകനായി മാറുകയായിരുന്നു. തൂങ്കാവനം പോലുള്ള വമ്പൻ ചിത്രങ്ങളിൽ ഛായാഗ്രാഹണ സഹായി ആയി പ്രവർത്തിച്ചു പരിചയമുള്ള ശരൺ പിന്നീട് പരസ്യചിത്ര മേഖലയിലേക്ക് എത്തുകയായിരുന്നു. യൂബർ പോലെയുള്ള വൻബ്രാന്റുകൾക്ക് വേണ്ടി ചെയ്ത പരസ്യചിത്രങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടിയവയാണ്.

അമ്പിളി എന്ന ചിത്രത്തിലെ ജീവശ്വാസം അതിലെ മനോഹരമായ ദൃശ്യങ്ങൾ കൂടിയാണ്. കഥയുടെ സ്വാഭാവികമായ യാത്രയിൽ പ്രേക്ഷകരെ ഒപ്പം കൂട്ടുന്നതിൽ വിഷ്ണു വിജയ് യുടെ പശ്ചാത്തല സംഗീതത്തിന് ഒപ്പമോ.. ചിലപ്പോഴെങ്കിലും അതിനു മുകളിലോ ആണ് ശരൺ പകർത്തിയ ദൃശ്യങ്ങൾ സഞ്ചരിക്കുന്നത്. ആ ദൃശ്യങ്ങളാകട്ടെ സംവിധായകൻ എഴുതിയ തിരക്കഥയുടെ കൃത്യതയാർന്ന സഞ്ചാരവുമാകുന്നു. ആദ്യ ചിത്രത്തിൽ തന്നെ ഇന്ത്യയിലെ വിവിധ ഇടങ്ങൾ സിനിമയ്ക്ക് വേണ്ടി പകർത്തിയ മറ്റൊരു ഛായാഗ്രാഹകൻ ഉണ്ടോ എന്നത് സംശയമാണ്.

സംവിധായകൻ ജോൺപോൾ ജോർജ്ജിനാണ് താൻ പകർത്തിയ സിനിമയുടെ ദൃശ്യങ്ങൾ ഭംഗിയായി വന്നതിന്റെ മുഴുവൻ ക്രഡിറ്റും ശരൺ നൽകുന്നത്. അത്രയ്ക്ക് സ്വാതന്ത്ര്യമാണ് സംവിധായകൻ ഛായാഗ്രാഹകൻ എന്നനിലയിൽ തനിക്ക് നൽകിയതെന്ന് ശരൺ പറയുന്നു. ഒട്ടനവധി സിനിമകളിൽ ഇടുക്കിയുടെ ദൃശ്യ മനോഹാരിത കണ്ടിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായ എന്തൊ ഒന്ന് ശരൺപകർത്തിയ ഇടുക്കിയിലെ നാട്ടിൻ പുറ ദൃശ്യങ്ങൾക്കുണ്ട്. ദൃശ്യങ്ങൾ പ്രേക്ഷകർക്ക് ഇഷ്ട്ടമാകുന്ന രീതിയിലേക്ക് എത്തിയതിന് പിന്നിൽ ചിത്രത്തിന്റെ കളറിസ്റ്റിന്റെ പങ്കും ശരൺ എടുത്തു പറയുന്നു. മുൻപ് സ്ട്രീറ്റ് ഫോട്ടോഗ്രാഫിയിൽ നിരവധി പരീക്ഷണങ്ങൾ ശരൺനടത്തിയിട്ടുണ്ട്. കൂടാതെ ഏറെ ശ്രദ്ധയാകർഷിച്ചൊരു പോയട്രിക്ക് വീഡിയോയും ചെയ്തിട്ടുണ്ട്. അതിനു വേണ്ടി നടത്തിയ യാത്രകളും മറ്റും ഛായാഗ്രാഹകൻ എന്ന നിലയിൽ ആദ്യ ചിത്രം ചെയ്യുമ്പോൾ ഗുണമായി മാറിയെന്ന് പറയാം.

ഛായാഗ്രാഹകൻ എന്ന നിലയിൽ ഒരു പാട് സിനിമകൾ സ്വാദീനിച്ചിട്ടുണ്ടെങ്കിലും അതിൽ ഒന്നാം സ്ഥാനം നൽകുന്നത് ഇരുവർ എന്ന ചിത്രത്തിനാണെന്ന് ശരൺ വ്യക്തമാക്കുന്നു. കഥാപാത്രങ്ങളുടെ മാനസിക സങ്കർഷങ്ങളെ പ്രേക്ഷകരുടെ മനസ്സിനകത്തേക്ക് കയറ്റുന്നതിൽ അതിലെ ഒരു സീനുകളും വഹിക്കുന്ന പങ്ക് അത്രത്തോളമാണ്. പ്രത്യേകിച്ച് അതിലെ ഓരോ ഫ്രെയിമുകളും അത്തരത്തിലാണ് സെറ്റ് ചെയ്തിരിക്കുന്നത്, മാത്രമല്ല അതിന്റെ ലൈറ്റ് പാറ്റേണുകളും. സന്തോഷ് ശിവന് മികച്ച ഛായാഗ്രാഹകനുള്ള അവാർഡ് നേടിക്കൊടുത്ത ചിത്രമായിരുന്നു ഇരുവർ.

എപ്പോഴാകും സ്വന്തമായി സിനിമ ചെയ്യുക എന്ന ചോദ്യത്തിന് ശരണിന്റെ മറുപടി രസകരമായിരുന്നു അതിന് ഇനിയും ഒരുപാട് വെന്ത് പരുവപ്പെടുവാൻ ഉണ്ട്. സ്വന്തമായി സിനിമ ചെയ്യുമ്പോൾ അതെന്നെന്നും ഓർമ്മിക്കപ്പെടുന്ന ഒന്നായിരിക്കണം എന്ന ആഗ്രഹമാണുള്ളത് അതിന് കാത്തിരിപ്പ് അനിവാര്യമാണ്. വായിച്ച പുസ്തകങ്ങളിൽ എസ് കെ പൊറ്റക്കാടിന്റെ നോവൽ; ഒരു ദേശത്തിന്റെ കഥ വിഷ്വൽ ചെയ്ത് കണ്ടാൽ കൊള്ളാമെന്ന ആഗ്രഹമുണ്ട്. അത് സംഭവിക്കും എന്ന് വിശ്വസിക്കാം. അമ്പിളിയുടെ ചിത്രീകരണം ആരംഭിച്ചതുമുതൽ തങ്ങളെ പ്രകൃതി അനുഗ്രഹിച്ചിട്ടുണ്ടെന്നതിന്റെ തെളിവാണ് അതിലെ മികച്ച ദൃശ്യങ്ങൾ അത്രയും

ചിത്രീകരണ സമയങ്ങളിൽ കാര്യമായി ഒരു ബുദ്ധിമുട്ടും കാലാവസ്ഥാ പരമായി ഉണ്ടായിരുന്നില്ലെന്നും ശരൺ ഓർത്തെടുക്കുന്നു. ആകെ ഒരു പ്രശ്നം സംഭവിച്ചത് രാജസ്ഥാനിൽ ചിത്രീകരണം നടക്കുമ്പോൾ മാത്രമായിരുന്നു. ഷൂട്ടിങ്ങ് പെർമിഷനുമായി ബന്ധപ്പെട്ടായിരുന്നു അത്.സംവിധായകൻ ജോൺ പോളിനെക്കുറിച്ച് ശരണിന്റെ അഭിപ്രായം ഇങ്ങനെ; ഇത്രയും കൂളായി നിൽക്കുന്ന ആളുകൾ വളരെ കുറവാണ്. മാത്രമല്ല കൂടെ നിൽക്കുന്ന ആളുകളെ അത്രയ്ക്ക് കംഫെട്ടബിളായിട്ടാണ് ആള് കൈകാര്യം ചെയ്യുന്നത്. ചിത്രത്തിൽ ഏറെയും ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നവരാണ് അവരെ വച്ച് ചെയ്യുന്നതെല്ലാം ഒറ്റടെയിക്കിൽ തന്നെ ഓക്കെയാക്കി എടുക്കുന്ന മാജിക്കാണ് കാണാൻ കഴിഞ്ഞത്.

വളരെക്കുറഞ്ഞ സീനുകൾ മാത്രമാണ് റീടേയിക്ക് പോകെണ്ടി വന്നിട്ടുള്ളു. സേയിഫ്റ്റിക്ക് വേണ്ടി പോലും റീടേയിക്ക് എടുക്കേണ്ടി വന്നിട്ടില്ല. അത്രയ്ക്ക് കൃത്യയതയാർന്ന കഴിവുള്ള സംവിധായകനാണ് ജോൺ പോൾ. ഇനിയും ഗംഭീര സിനിമകൾ ജോൺപോൾ ജോർജ്ജിന്റെ തായി വരാനിരിക്കുന്നതെയുള്ളു. അമ്പിളിക്ക് ശേഷം പുതിയ സിനിമകളൊന്നും കമിറ്റ് ചെയ്തിട്ടില്ല. നല്ല ചിത്രങ്ങളുടെ ഭാഗമാകണമെന്നാണ് താൽപര്യം. വീണ്ടും പരസ്യചിത്രങ്ങളുടെ ലോകത്തേക്ക് മടങ്ങുകയാണ്.ഛായാഗ്രാഹകനു കൂടി സ്പെയിസുള്ള ചിത്രങ്ങൾക്കായി കാത്തിരിക്കുന്നു.ഇടുക്കി അടിമാലി സ്വദേശിയാണ് ശരൺ വേലായുധൻ ഭാര്യ രശ്മി മകൾ പ്രകൃതി. വെള്ളിത്തിരയിൽ അമ്പിളിയുടെ വിജയ യാത്ര തുടരുകയാണ് ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News