പ്രളയ ദുരിതാശ്വാസം; കേരളം ആവശ്യപ്പെട്ടതും കേന്ദ്രം അനുവദിച്ചതും; 1200 കോടി ഇനിയും നല്‍കാന്‍ ബാക്കി

പ്രളയ ദുരിതാശ്വാസമായി കഴിഞ്ഞവർഷം അനുവദിച്ച തുകയിൽ 1200 കോടിയോളം രൂപ കേന്ദ്ര സർക്കാർ ഇനിയും നൽകിയില്ല. രണ്ട്‌ ഘട്ടമായി 5616 കോടി രൂപയാണ്‌ കേരളം ആവശ്യപ്പെട്ടത്‌. 5000 കോടിയുടെ പാക്കേജും ചോദിച്ചു. ഇതുവരെ 2904 കോടി രൂപയാണ്‌ അനുവദിച്ചത്‌. ജൂലൈ 31 വരെ ചെലവഴിച്ചത്‌ 1674.80 കോടി രൂപയാണ്‌.

ബാക്കി തുക വിനിയോഗിക്കാൻ കടമ്പകളേറെയാണ്‌. നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്രം ഏർപ്പെടുത്തിയ മാനദണ്ഡങ്ങളാണ്‌ തടസ്സം. ഇത്‌ മറികടന്ന്‌ കേന്ദ്ര സഹായം ചെലവിട്ടാലേ ഈ വർഷത്തെ ദുരന്തനിവാരണത്തിന്‌ സംസ്ഥാനത്തിന്‌ സഹായത്തിന്‌ അർഹതയുള്ളൂവെന്നാണ്‌ കേന്ദ്രനിലപാട്‌. നിർമാണ പ്രവൃത്തി പൂർത്തിയാക്കി ബിൽ സമർപ്പിച്ചാലാണ്‌ കേന്ദ്ര സഹായം ലഭിക്കുക. ഗ്രാമീണ റോഡ്‌ പുനർനിർമാണത്തിന്‌ 600 കോടിയും ജലസേചനപദ്ധതികൾക്ക്‌ 536 കോടി രൂപയും കേന്ദ്രം നൽകാനുണ്ട്‌. ഇതിൽ ഏറിയപങ്കും ഭരണാനുമതി ലഭിച്ചവയാണ്‌. കുടിവെള്ളവിതരണത്തിന്‌ 14 കോടിയും നൽകാനുണ്ട്‌. ഇത്‌ കണക്കിലെടുക്കാതെയാണ്‌ കേന്ദ്ര സഹായം പൂർണമായി ചെലവഴിച്ചില്ലെന്ന വാദം ഉയർത്തുന്നത്‌.

തകർന്നവീടിന്‌ 95,000 രൂപമാത്രം, സംസ്ഥാനം നൽകിയത്‌ 4 ലക്ഷം

പ്രളയത്തിൽ പൂർണമായും തകർന്ന വീടിന്‌ കേന്ദ്രം നിശ്ചയിച്ച സഹായം 95,000 രൂപയാണ്‌. സംസ്ഥാനം നൽകിയത്‌ നാല്‌ ലക്ഷം രൂപയും. ഇതിൽ മൂന്നുലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നാണ്‌. കഴിഞ്ഞ തവണ 15,664 വീട്‌ പൂർണമായി തകർന്നു. ഇതിൽ 6664 എണ്ണം പൂർത്തിയായി. മറ്റുള്ളവ പുനർനിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്‌. ഭാഗികമായി തകർന്ന വീടിന്‌ കേന്ദ്ര സഹായം പരമാവധി 10,000 രൂപ. 3.06 ലക്ഷം വീട്‌ ഭാഗികമായി തകർന്നു. ഇതിൽ 2,81,086 വീടിന്‌ സഹായം നൽകി. ചെലവഴിച്ചത്‌–-1540 കോടി രൂപ.

ദുരിതാശ്വാസം 60 രൂപ
ദുരിതാശ്വാസകേന്ദ്രത്തിലുള്ള ഒരു കുടുംബത്തിന്‌ 60 രൂപ നിരക്കിലാണ്‌ കേന്ദ്രം അനുവദിച്ചത്‌. സംസ്ഥാനം ഒരു കുടുംബത്തിന്‌ 10,000 രൂപവീതം നൽകി. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ കേരളത്തിന്റെ നഷ്ടം 26,718 കോടി രൂപയാണ്‌. പുനർനിർമാണത്തിന്‌ 31,000 കോടി രൂപയും. 2018ലെ പ്രളയത്തിൽ മരിച്ച 489 പേരുടെ ആശ്രിതർക്ക്‌ നാലു ലക്ഷം രൂപവീതം ആശ്വാസം നൽകി. വീടും ഭൂമിയും നഷ്ടമായവർക്ക്‌ പത്ത്‌ ലക്ഷം രൂപയും അനുവദിച്ചു.

വാഴയ്‌ക്ക്‌ 5 രൂപ പശുവിന്‌ 30,000
കൃഷിനാശത്തിൽപ്പെട്ട കുലച്ച വാഴയ്‌ക്ക്‌ അഞ്ച്‌ രൂപയാണ്‌ കേന്ദ്രം അനുവദിച്ചത്‌. സംസ്ഥാനം നൽകിയതാകട്ടെ നൂറു രൂപവീതം. ചത്ത കറവപശുവിന്‌ ഒരെണ്ണത്തിന്‌ 30,000 രൂപ നിരക്കിലാണ്‌ കേന്ദ്രം വകയിരുത്തിയത്‌. ഒരു കുടുംബത്തിന്‌ പരമാവധി മൂന്ന്‌ കറവമാടിനുമാത്രമേ സഹായമുള്ളൂ. ഈ മാനദണ്ഡം മറികടന്നാണ്‌ സംസ്ഥാനം നഷ്ടപരിഹാരം അനുവദിച്ചത്‌. ചത്ത കറവമാടുകൾക്കെല്ലാം 30,000 രൂപ നിരക്കിൽ നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here