ജനകീയ ഒത്ത് തീർപ്പുകൾക്ക് വേദി ഒരുക്കി കേരളത്തിൽ കമ്മ്യൂണിറ്റി മീഡിയേഷൻ സെന്ററുകൾ; രാജ്യത്ത് ആദ്യം

രാജ്യത്ത് ആദ്യമായി ജനകീയ ഒത്ത് തീർപ്പുകൾക്ക് വേദി ഒരുക്കി കമ്മ്യൂണിറ്റി മീഡിയേഷൻ സെന്ററുകൾ കേരളത്തിൽ.

മീഡിയേഷൻ സെന്ററുകളിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ലയിലെ നാൽപ്പത്തിയൊന്ന് വളണ്ടിയർമാര്‍ക്കുള്ള പരിശീലനം എറണാകുളത്ത് ഹൈക്കോടതി ജസ്റ്റിസ് സി കെ അബ്ദുൽ റഹീം ഉദ്ഘാടനം ചെയ്തു.

മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന പരിശീലന പരിപാടിയിൽ തെരഞ്ഞെടുത്ത വളണ്ടിയർമാർക്ക് പ്രമുഖ പരിശീലകരുടെ ക്ലാസുകൾ ഉണ്ടാകും.

കോടതികളിൽ എത്തും മുൻപ് വ്യവഹാരങ്ങൾ മധ്യസ്ഥതയിൽ ഒത്തു തീർപ്പാക്കാൻ ഏറെ സാധ്യതകൾ ആണുള്ളത്.

മത സംഘടനകൾ സാമൂഹിക വേദികൾ ഉൾപ്പടെ നിരവധി ഇടങ്ങളിൽ വെച്ച് മധ്യസ്ഥതയിൽ എത്തുന്ന ഇത്തരം ഒത്ത് തീർപ്പുകൾക്ക്‌ പൊതു രൂപം കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ ആണ് കേരള സംസ്ഥാന മീഡിയെഷൻ ആൻറ് കൗൺസിലേഷൻ സെന്ററും കേരള ലീഗൽ സർവീസ് അതോറിറ്റിയും സംയുക്തമായി എറണാകുളം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ സഹകരണത്തോടെ കമ്മ്യൂണിറ്റി മീഡിയേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

ജില്ലയിലെ വിവിധ തലങ്ങളിൽ നിന്ന് തെരഞ്ഞെടുക്കുന്ന 41 വളണ്ടിയർമാർക്കാണ് പദ്ധതിയിൽ പരിശീലനം നൽകുന്നത്.

കേസ് രജിസ്റ്റർ ചെയ്ത് കോടതി വഴി നീതി നടപ്പാക്കുക എന്ന പരമ്പരാഗത രീതികളിൽ നിന്ന് കൂടുതൽ ആളുകളിലേക്ക് ഇറങ്ങി ചെല്ലാൻ ഇത്തരം മീഡിയേഷൻ സെന്ററുകൾ വഴി സാധിക്കുമെന്ന് ട്രെയിനിംഗ് പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് കെൽസ എക്സിക്യൂട്ടീവ് ചെയർമാൻ ജസ്റ്റിസ് സി കെ അബ്ദുൽ റഹീം പറഞ്ഞു.

രാജ്യത്ത് ആദ്യമായാണ് സമൂഹത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പട്ട ആളുകൾക്ക് പരിശീലനം നൽകി ഒത്ത് തീർപ്പിൽ എത്താവുന്ന വ്യവഹാരങ്ങൾക് മധ്യസ്ഥതയ്ക്ക്‌ വേദി ഒരുക്കുന്നത്.

ഇത്തരം കമ്യൂണിറ്റി മീഡിയേഷൻ സെന്ററുകൾ വഴി പരിഹാരം കണ്ടെത്തുന്ന വ്യവഹാരങ്ങൾക്ക് സാധുത നൽകാനും സാധിക്കും.

നിലവിൽ സംസ്ഥാനത്ത് 25 പരിശീലകരും അഞ്ഞൂറിലധികം അഭിഭാഷകരും മീഡിയേഷൻ സെന്ററുകളിൽ പ്രവർത്തിക്കുന്നുണ്ട്.

ചടങ്ങിൽ ഹൈക്കോടതി ന്യായാധിപന്മാരായ ജസ്റ്റിസ്. വി ചിദംബരേഷ്, ജസ്റ്റിസ്. കൗസർ ഇടപ്പകത്ത്, ജസ്റ്റിസ്. സുനിൽ തോമസ്, ജസ്റ്റിസ്. എ എം ഷഫീഖ് എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News