വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരോ എഴുതിയ കത്ത് അതും തീര്‍ത്തും അപരിചിതമായ ഭാഷയില്‍ അപരിചിതനായ ഒരാള്‍ കാലങ്ങള്‍ക്ക് മുമ്പെഴുതിയഒരു കത്ത് കിട്ടിയാല്‍ എന്തായിരിക്കും അവസ്ഥ. അതിലെ ഉള്ളടക്കത്തെക്കുറിച്ചറിയാനുള്ള ആകാംക്ഷയാവും പിന്നീട്. അവിചാരിതമായി അത്തരത്തിലൊരു കത്ത് കൈയില്‍ കിട്ടിയ ടെയ്ലര്‍ ഇവാനോവ് 50 കൊല്ലം മുമ്പ് ആ കത്തെഴുതിയ ക്യാപ്റ്റന്‍ അനാറ്റലി ബോട്സാനെന്‍കോയേയും തേടിപ്പിടിച്ചു. കുട്ടികളുമൊത്ത് അവധിദിനമാഘോഷിക്കാന്‍ ഓഗസ്റ്റ് അഞ്ചിന് അലാസ്‌കയിലെ ഒരു ബീച്ചിലെത്തിയതായിരുന്നു ടെയ്ലര്‍. ക്യാമ്പ് ഫയറിനായി വിറക് ശേഖരിക്കുന്നതിനിടെയാണ് ടെയ്ലറിന്റെ ശ്രദ്ധ മണലില്‍ പുതഞ്ഞ പച്ച നിറമുള്ള ചില്ലുകുപ്പിയില്‍ പതിച്ചത്. ഒരു കടലാസ് കഷണം ചുരുട്ടിയ നിലയില്‍ കുപ്പിക്കുള്ളിലുണ്ടായിരുന്നു. ഉള്ളില്‍ വെള്ളം കയറാത്ത വിധത്തില്‍ കോര്‍ക്ക് കൊണ്ടടച്ച കുപ്പിക്കുള്ളിലാക്കി സന്ദേശങ്ങള്‍ കൈമാറുന്ന പതിവ് പണ്ട് നാവികര്‍ക്കിടയില്‍ പതിവായിരുന്നു. നിധിശേഖരത്തിലേക്കുള്ള മാര്‍ഗം രേഖപ്പെടുത്തിയ കടല്‍ക്കൊള്ളക്കാരുടെ കുപ്പിയാണോ അതെന്നായിരുന്നു ടെയ്ലറിന്റെ എട്ടുവയസുകാരിയായ മകളുടെ സംശയം.