സാമൂഹ മാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. വിഷയത്തില്‍ വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ട്രാന്‍സ്ഫര്‍ ഹര്‍ജി കോടതി പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാരിന്റെ വിവാദ നിലപാട്. സമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തിന് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ വിവിധ ഹൈക്കോടതികളുടെ പരിഗണനയിലാണ്. ഈ ഹര്‍ജികള്‍ സുപ്രീംകോടതി കേള്‍ക്കണം എന്നാവശ്യപ്പെട്ട് ഫേസ്ബുക്കും വാട്സ്ആപ്പും നല്‍കിയ ട്രാന്‍സ്ഫര്‍ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ വിവാദ നിലപാട്. ഭീകരതയും വ്യാജപ്രചാരണങ്ങളും തടയാന്‍ സമൂഹ മാധ്യമങ്ങള്‍ക്ക് സംവിധാനമില്ല. ഇത് തുടരാനാകില്ല. അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിലപാട് വ്യക്തമാക്കി അറ്റോണി ജനറല്‍ കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ വാദത്തിലേക്ക് നീങ്ങിയില്ലെങ്കിലും ഓണ്‌ലൈന്‍ സ്വകാര്യതയ്ക്കും ഓണ്‍ലെന്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ കണ്ടെത്തുന്നതിനുമിടയില്‍ സന്തുലിതാവസ്ഥയുണ്ടാക്കാന്‍ സാധിക്കണം എന്ന് ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും വിവിധ സമൂഹ മാധ്യമങ്ങള്‍ക്കും കോടതി നോട്ടീസ് അയച്ചു. എന്നാല്‍ മദ്രാസ് ഹൈക്കോടതി പരിഗണിക്കുന്ന പൊതു ഹര്‍ജിയിലെ നടപടികള്‍ സ്റ്റേ ചെയ്യാന്‍ കോടതി തയ്യാറായില്ല.