ഉദാരവല്‍ക്കരണാനന്തര കാലഘട്ടത്തില്‍ വിജയകരമായി പുനഃസംഘടിപ്പിക്കുകയും ദ്രുതഗതിയിലുള്ള വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്ത ചുരുക്കം ചില വ്യവസായങ്ങളില്‍ ഒന്നാണ് വാഹന വ്യവസായം. 1991 ലെ ഉദാരവല്‍ക്കരണത്തിനുശേഷം ഇന്ത്യയുടെ വ്യാവസായിക മേഖല മൊത്തത്തില്‍ തകര്‍ച്ച തുടരുകയാണ്. വ്യാവസായിക മേഖലയില്‍ നിന്നുള്ള ജിഡിപി വിഹിതം ഇന്ന് 17 ശതമാനത്തില്‍ താഴെയാണ്. ഈ സാഹചര്യത്തില്‍ ഓട്ടോമൊബൈല്‍ മേഖല നേരിടുന്ന പ്രതിസന്ധികള്‍ വ്യക്തമാക്കി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എംഡിയുടെ വാക്കുകള്‍. ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ ഇതുവരെ 1,500 താല്‍കാലിക ജീവനക്കാരെ പിരിച്ചുവിട്ടതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എംഡി വ്യക്തമാക്കി. ഓട്ടോമൊബൈല്‍ മേഖലയില്‍ പ്രതിസന്ധി ഇനിയും തുടരുകയാണെങ്കില്‍ കൂടുതല്‍ പിരിച്ചുവിടലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഓട്ടോമൊബൈല്‍ മേഖലയില്‍ നിന്ന് വരും നാളുകളില്‍ അനേകര്‍ക്ക് തൊഴില്‍ നഷ്ടം ഉണ്ടാകുമെന്നതിന്റെ സൂചനകളാണ് മഹീന്ദ്രയുടെ എംഡി പവന്‍ ഗൊണേക നല്‍കുന്നത്.