പ്രളയം ദുരിതം വിതച്ച വടക്കന്‍ കേരളത്തിന് അമ്പതിലധികം ലോഡ് അവശ്യ വസ്തുക്കളാണ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് എത്തിച്ച് നല്‍കിയത്. ഇതിന് പിന്നാലെയാണ് പ്രളയം ഏറ്റവുമധികം ബാധിച്ച മലപ്പുറം നിലമ്പൂരിലെ പോത്തുകല്‍ ഗ്രാമപഞ്ചായത്തില്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. കഴിഞ്ഞ വര്‍ഷം പ്രളയം നാശം വിതച്ച ചെങ്ങന്നൂരിലും സമാനരൂപത്തില്‍ ജില്ലാ പഞ്ചായത്ത് ശുചീകരണ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്.

ജില്ലാ പഞ്ചായത്തിനൊപ്പം മംഗലാപുരം ഗ്രാമപഞ്ചായത്ത്, നെടുമങ്ങാട്, വാമനപുരം, ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.400 ഓളം പേര്‍ സംഘത്തിലുണ്ട്.

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രന്‍, മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്കോട് മധു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി.എസ് ബിജു എന്നിവര്‍ മാര്‍ഗനിര്‍ദേശങ്ങളുമായി ഒപ്പമുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു അറിയിച്ചു.