വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ മരിച്ച സംഭവം; മരണകാരണം ആന്തരികാവയവങ്ങള്‍ക്കേറ്റ അണുബാധയെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്

കൊല്ലം അഞ്ചാലുംമൂട്ടില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി ക്ലാസ് മുറിയില്‍ കുഴഞ്ഞ് വീണ് മരിച്ചത് പനിയെ തുടര്‍ന്ന് ആന്തരിക അവയവങ്ങള്‍ക്ക് അണുബാധയേറ്റതിനെ തുടര്‍ന്നാകാമെന്ന് പ്രാഥമിക പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട്. അഞ്ചാലുംമൂട് ഗവ. എച്ച്എസ്എസ് വിദ്യാര്‍ത്ഥി അഷ്ടമുടി മാതാ ഭവനില്‍ സന്തോഷിന്റെ മകന്‍ ലിബിന്‍ സന്തോഷ് (17) ആണ് തിങ്കളാഴ്ച ഉച്ചക്ക് ക്ലാസ്സ് മുറിയില്‍ കുഴഞ്ഞു വീണത്.

സംഭവത്തിന് തൊട്ടു മുന്‍പ് രണ്ട് ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഭവത്തില്‍ ലിബിന് മര്‍ദ്ദനമേറ്റെന്ന സംശയത്തില്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ് മാര്‍ട്ടം നടത്തിയത്.

സാധാരണയില്‍ നിന്ന് വ്യത്യസ്തമായി വിദ്യാര്‍ത്ഥിയുടെ രണ്ട് ബന്ധുക്കളെ പോസ്റ്റ് മാര്‍ട്ടം മുറിയില്‍ പ്രവേശിപ്പിച്ച് ഡോക്ടര്‍ വിശദീകരിച്ചത് ഇങ്ങനെ: – നേരത്തെ ഉണ്ടായ പനി പൂര്‍ണ്ണമായും മാറാത്തതിനാല്‍ ഹൃദയത്തിനും കരളിനും പ്ലീഹക്കും കേട് സംഭവിച്ചു. അടുത്ത സമയത്ത് ചെവിക്ക് വേദനയും പഴുപ്പും ഉണ്ടായപ്പോള്‍ ആന്റിബയോട്ടിക് ഉപയോഗിച്ചിരുന്നതുകൊണ്ടാണ് ആന്തരികാവയവങ്ങള്‍ക്കുണ്ടായ ക്ഷതം പുറത്തറിയാതിരുന്നത്.

ലാബ് റിപ്പോര്‍ട്ടുകള്‍ വന്നതിന് ശേഷം മാത്രമേ കുടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയു. ഇതിനിടയില്‍ സോഷ്യല്‍ മീഡിയയില്‍ ഓഡിയോ ക്ലിപ്പിംഗ് ഇട്ട വിദ്യാര്‍ത്ഥിയോട് അധ്യാപകര്‍ വിവരം അന്വേഷിച്ചപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ലിബിനെ മര്‍ദ്ദിക്കുന്നത് കണ്ടില്ലെന്നും ചില വിദ്യാര്‍ത്ഥികള്‍ പറയുന്നത് കേട്ടാണ് ഓഡിയോ ക്ലിപ്പിംഗ് ഇട്ടതെന്നും പറഞ്ഞു.

ലാബ് പരിശോധനാ റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ കൂടുതല്‍ അന്വേഷണം നടത്താന്‍ കഴിയു എന്ന് അഞ്ചാലുംമൂട് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ എ അനില്‍ കുമാര്‍ പറഞ്ഞു. പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം അഞ്ചാലുംമൂട് ഗവ.എച്ച്എസ്എസില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം അഷ്ടമുടി അഷ്ടജലറാണി പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News