ഐഎന്‍എക്‌സ് മീഡിയാ കേസില്‍ പി ചിദംബരം അറസ്റ്റ് ഭീഷണിയില്‍. മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിന് പിന്നാലെ ഇഡി, സിബിഐ സംഘങ്ങള്‍ ചിദംബരത്തിന്റെ വീട്ടില്‍ പരിശോധന നടത്തി. കേസിലെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്നാണ് ഏജന്‍സികളുടെ വിശദീകരണം.

ഐഎന്‍എക്‌സ് മീഡിയാ കേസില്‍ ദില്ലി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് പി ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം അന്വേഷണ ഏജന്‍സികള്‍ ശക്തമാക്കിയത്. സിബിഐ, എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ചിദംബരത്തിന്റെ ദില്ലി ജോര്‍ബാഗിലെ വസതിയിലെത്തി പരിശോധന നടത്തി. ആറംഗ സിബിഐ സംഘമാണ് ആദ്യം എത്തിയത്.

ചിദംബരം വസതിയില്‍ ഇല്ലെന്ന് മനസിലാക്കി തിരിച്ചു പോയി. പിന്നാലെ എന്‍ഫോഴ്സ്മെന്റും പരിശോധന നടത്തി. കേസിന്റെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് ഏജന്‍സികളുടെ വിശദീകരണം. ചിദംബരത്തിനെതിരായ നീക്കത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.

നാളെ സുപ്രീംകോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടാനാണ് ചിദംബരത്തിന്റെ ശ്രമം. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടും. ഇത് മുന്നില്‍ കണ്ട് വിഷയം കോടതിയിലെത്തും മുന്‍പ് ചിദംബരത്തെ അറസ്റ്റ് ചെയ്യാനാണ് ഏജന്‍സികള്‍ ലക്ഷ്യമിടുന്നത്.

ഐഎന്‍എക്സ് കേസിലെ മുഖ്യ സൂത്രധാരനാണ് പി ചിദംബരം എന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയത്. യു.പി.എ സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കെ ചട്ടം ലംഘിച്ച് ഐ.എന്‍.എക്‌സ് മീഡിയയ്ക്ക് വിദേശനിക്ഷേപം സ്വീകരിക്കാന്‍ അനുമതി നേടിക്കൊടുത്തുവെന്നാണ് ചിദംബരത്തിനെതിരായ കണ്ടെത്തല്‍.