സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചു; സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന്റെ പരാതിയില്‍ 6 പേര്‍ക്കെതിരെ കേസെടുത്തു

സാമൂഹ്യ മാധ്യമങ്ങളിൽ മോശമായി ചിത്രീകരിച്ചെന്ന സിസ്‌റ്റർ ലൂസി കളപ്പുരയ്‌ക്കലിന്റെ പരാതിയിൽ ആറുപേർക്കെതിരെ കേസെടുത്തു. മാനന്തവാടി രൂപത പിആർഒ ടീം അംഗം ഫാ.നോബിൾ പാറയ്‌ക്കൽ ഉൾപ്പെടെ ആറുപേർക്കെതിരെയാണ്‌ വെള്ളമുണ്ട പൊലീസ്‌ കേസെടുത്തത്‌. സ്‌ത്രീത്വത്തെ അപമാനിക്കൽ, മാനഹാനി വരുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ്‌ കേസ്‌.

അപമാനകരമായ വീഡിയോ തയ്യാറാക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തതായി സിസ്‌റ്റർ ലൂസി കളപ്പുരയ്‌ക്കൽ ജില്ലാ പൊലീസ്‌ മേധാവിക്ക്‌ പരാതി നൽകിയിരുന്നു. സിസ്‌റ്റർ ലൂസിയുടെ അഭിമുഖം തയ്യാറാക്കാനെത്തിയ രണ്ട്‌ മാധ്യമപ്രവർത്തകരുടെ ദൃശ്യം സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച്‌ ഫാ. നോബിൾ പാറയ്‌ക്കൽ മോശക്കാരിയായി ചിത്രീകരിച്ചു എന്നാണ്‌ പരാതി.

മഠത്തിന്റെ മുൻവാതിൽ അടച്ചിടാറാണ്‌ പതിവെന്നും എല്ലാവരും അടുക്കള വാതിൽ വഴിയാണ്‌ അകത്ത്‌ പ്രവേശിക്കാറുള്ളതെന്നും സിസ്‌റ്റർ ലൂസി കളപ്പുര പറയുന്നു. തന്നെ കാണാൻ രണ്ട്‌ മാധ്യമപ്രവർത്തകർ ഇതുവഴി വന്ന സിസിടിവി ദൃശ്യം ഉപയോഗിച്ചാണ്‌ താൻ മോശക്കാരിയാണെന്ന്‌ പ്രചരിപ്പിച്ചത്‌. ‘അടുക്കള വാതിലിലൂടെ അകത്തേക്ക്‌ പുരുഷന്മാരെ കയറ്റുന്നു’ എന്ന പേരിൽ തയ്യാറാക്കിയ വീഡിയോ ഫാ.നോബിൾ പാറയ്‌ക്കൽ യൂട്യൂബിലൂടെയും ഫെയ്‌സ്‌ബുക്കിലൂടെയും പ്രചരിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News