കെവിന്‍ കൊലക്കേസില്‍ കോടതി നാളെ വിധി പറയും

കെവിന്‍ കൊലക്കേസില്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതി നാളെ വിധി പറയും. കെവിന്റേത് ദുരഭിമാനകൊലയാണെന്നും കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായി കണക്കാക്കണമെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യം. അതേ സമയം കെവിന്റെത് ദുരഭിമാനക്കൊലയാണോ എന്ന് വ്യക്തത വരുത്താന്‍ കഴിഞ്ഞ 14 ന് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദീകരണം കോടതി കേട്ടിരുന്നു.

പുനലൂര്‍ സ്വദേശി ചാക്കോയുടെ മകള്‍ നീനുവിനെ രജിസ്ട്രര്‍ വിവാഹം ചെയ്തതിന്റെ പിറ്റേന്നാണ് നട്ടാശേരി സ്വദേശി കെവിന്‍ ജോസഫിനെ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയും സംഘവും തട്ടിക്കൊണ്ട് പോയത്. 2018 മെയ് 27നായിരുന്നു സംഭവം.28 ന് പുലര്‍ച്ചെ കെവിന്റെ മൃതദേഹം ചാലിയേക്കര ആറില്‍ കണ്ടെത്തി. കെവിന്‍ പിന്നാക്ക വിഭാഗത്തില്‍ പെട്ടതിനാലാണ് നീനുവിന്റെ പിതാവ് ചാക്കോയും, സഹോദരന്‍ ഷാനുവും വിവാഹത്തെ എതിര്‍ത്തതെന്നാണ് പ്രോസിക്യൂഷന്‍ വാദം.

കേസിലെ സാക്ഷിയും ചാക്കോയുടെ അയല്‍വാസിയുമായ ലിജോ നല്‍കിയ മൊഴിയും കൂടാതെ നീനുവിന്റെ രഹസ്യ മൊഴിയിലും ദുരഭിമാന കൊലയെന്ന സൂചനയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദത്തില്‍ വ്യക്തമാക്കി. കെവിന്‍ പിന്നോക്ക വിഭാഗത്തില്‍ പെട്ടയാളാണെന്ന വില്ലേജ് രേഖകളും പ്രോസിക്യൂഷന്‍ പരാമര്‍ശിച്ചു. അഞ്ച് വര്‍ഷം മുമ്പ് തമിഴ്‌നാട്ടില്‍ നടന്ന സമാന കേസ് ചൂണ്ടിക്കാട്ടി അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി കണക്കാക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നത്. എന്നാല്‍ ഒരു മാസത്തിനകം കെവിനും നീനുവുമായുള്ള വിവാഹം നടത്താമെന്ന് ചാക്കോ സമ്മതിച്ചെന്നും, രണ്ടു പേരും ക്രൈസ്തവരാണെന്നും ഉള്ള അനീഷിന്റെ മൊഴിയും പ്രതിഭാഗം ഉയര്‍ത്തി.

പ്രതികള്‍ വിവിധ ജാതിയില്‍ പെട്ടവരാണെന്നും, ജാതീയമായ വൈരാഗ്യം വരില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ആഗസ്റ്റ് 14 ന് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദീകരണം കേട്ടശേഷം വിധി പറയാന്‍ കേസ് നാളത്തേക്ക് മാറ്റുകയായിരുന്നു.അതേ സമയം, കെവിന്റെത് കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്ന നിര്‍ണായക മൊഴികളാണ് ഫോറന്‍സിക് വിദഗ്ധരും നല്‍കിയത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ 186 സാക്ഷികളില്‍ 113 സാക്ഷികളെ വിസ്തരിച്ച കോടതി സാങ്കേതിക തെളിവുകളും പരിശോധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here