പ്രളയദുരിത ബാധിതർക്കുള്ള അടിയന്തര സഹായമായ പതിനായിരം രൂപ സെപ്റ്റംബർ 7ന് മുമ്പ് വിതരണം ചെയ്യാൻ മന്ത്രിസഭാ യോഗ തീരുമാനം. സംസ്ഥാന സർക്കാരിന്‍റെ ഒാണാഘോഷ പരിപാടികൾ ആർഭാടം ഒ‍ഴിവാക്കി നടത്തും. ഇത്തവണ സർക്കാർ ജീവനക്കാർക്ക് സാലറി ചാലഞ്ചുണ്ടാകില്ല. കൂടാതെ ദേശീയ ഗെയിംസിലെ വെള്ളി – വെങ്കല മെഡൽ ജേതാക്കളായ 83 പേർക്ക് സർക്കാർ സർവീസിൽ ജോലി നൽകാനും മന്ത്രിസഭ തീരുമാനിച്ചു.

പ്രളയബാധിതർക്കുള്ള അടിയന്തര സഹായത്തിൽ പൂർണമായും അനർഹരെ ഒ‍ഴിവാക്കി വിതരണം ഉറപ്പാക്കാനാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. കാലതാമസം ഒ‍ഴിവാക്കി സെപ്റ്റംബർ 7 മുൻമ്പായി ഒാരോ ജില്ലകളിലും അതാത് ചുമതലയുള്ള മന്ത്രിമാരുടെ മേൽനോട്ടത്തിലാകും അടിയന്തര സഹായമായ പതിനായിരം രൂപയുടെ വിതരണം പൂർത്തിയാക്കുക.

പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്‍റെ ഒാണം വാരാഘോഷം ആർഭാടം ഒ‍ഴിവാക്കി നടത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രളയ അതിജിവനത്തിന് തുക സമാഹരിക്കാൻ ഇത്തവണ സർക്കാർ ജിവനക്കാർക്ക് സാലറി ചാലഞ്ച് ഉണ്ടാകില്ല. ജീവനക്കാരുടെ ഒാണം ബോണസ് ക‍ഴിഞ്ഞ വർഷത്തെത് അതുപോലെ ഇത്തവണയും നൽകും. എന്നാൽ ഉത്സവബത്തയുടെ കാര്യത്തിൽ തീരുമാനമായില്ല.

ദേശിയ ഗെയിംസിൽ വെള്ളി – വെങ്കല മേഡൽ ജേതാക്കൾക്ക് സർക്കാർ സർവീസിൽ ജോലി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. 83 പേർക്ക് വിവിധ വകുപ്പുകളിൽ സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ചാകും നിയമനം നൽകുക. നേരത്തെ ദേശീയ ഗെയിംസിൽ സ്വർണമേഡൽ ജേതാക്കളായ 62 പേർക്ക് എൽ.ഡി.എഫ് സർക്കാർ ജോലി നൽകിയിരുന്നു. ഇതിന്‍റെ തുടർച്ചയായിട്ടാണ് പുതിയ നിയമന തീരുമാനം.