രാജ്യത്തെ ഏറ്റവും വലിയ ബിസ്‌ക്കറ്റ് വിപണനക്കമ്പനിയായ പാര്‍ലെ 10,000ത്തോളം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. ബിസ്‌ക്കറ്റിന്‍റെ ജിഎസ്ടി 18 ശതമാനമാക്കിയപ്പോള്‍ വില്‍പ്പന കാര്യമായി ഇടിഞ്ഞതിനെതുടര്‍ന്നാണിതെന്ന് കമ്പനി പറയുന്നു.
ചരക്ക് സേവന നികുതിക്ക് മുമ്പ് 12 ശതമാനം നികുതിയാണ് പ്രീമിയം ബിസ്‌ക്കറ്റുകള്‍ക്ക് ചുമത്തിയിരുന്നത്. സാധാരണ ബിസ്‌ക്കറ്റുകള്‍ക്ക് അഞ്ചുശതമാനവും. ജി എസ് ടി വന്നതോടെ നികുതി 18 ശതമാനമായി.
ഇതേതുടര്‍ന്ന് ബിസ്കറ്റിന് വിലകൂട്ടിയതോടെ വില്‍പ്പന കുറഞ്ഞു. ജിഎസ്ടി പ്രാബല്യത്തിലായപ്പോള്‍ നഷ്ടം ബിസ്‌ക്കറ്റുകള്‍ക്ക് അഞ്ചുശതമാനമാണ് വിലവര്‍ധിപ്പിച്ചത്.
പാര്‍ലെ ജി, മാരി തുടങ്ങിയവയാണ് പാര്‍ലെ പ്രോഡക്ട്സ് പുറത്തിറക്കുന്ന പ്രധാന ബ്രാന്‍ഡുകള്‍. 10,000 കോടി രൂപയിലേറെ വിറ്റുവരവുളള കമ്പനിയുടെ പ്രധാന വിപണി ഗ്രാമീണ മേഖലയാണ്. ഒരു ലക്ഷത്തോളം ജീവനക്കാരുള്ള പാര്‍ലെ കമ്പിനിക്ക് സ്വന്തമായി 10 നിര്‍മാണ പ്ലാന്‍റുകളുണ്ട്.
മറ്റ് കമ്പനികളുടെ 125 ഓളം പ്ലാന്‍റുകളിലും പാര്‍ലെയ്ക്കുവേണ്ടി ബിസ്‌ക്കറ്റുകള്‍ നിര്‍മിക്കുന്നുണ്ട്. ജി എസ് ടി നിരക്ക് 12 ശതമാനമാക്കി കുറച്ചില്ലെങ്കില്‍ എണ്ണായിരത്തിനും പതിനായിരത്തിനുമിടയില്‍ ജീവനക്കാരെ പറഞ്ഞുവിടേണ്ടിവരുമെന്ന് പാര്‍ലെ കാറ്റഗറി ഹെഡ് മയാങ്ക് ഷാ പറയുന്നു.
ജി എസ് ടി നിരക്ക് വര്‍ധന ബിസ്ക്കറ്റ് വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് ബ്രിട്ടാനിയ എം ഡി വരുണ്‍ ബെറിയും ചൂണ്ടിക്കാട്ടുന്നു. അഞ്ച് രൂപയുടെ പായ്ക്കറ്റിനുപോലും ആവശ്യക്കാര്‍ കുറവാണെന്നും വരുണ്‍ ബെറി പറയുന്നു.

Get real time update about this post categories directly on your device, subscribe now.