ഐഎന്‍എക്‌സ് മീഡിയ കേസ്: പി ചിദംബരത്തിന് കുരുക്ക് മുറുകുന്നു; അറസ്റ്റ് തടയാന്‍ സുപ്രീംകോടതി തയ്യാറായില്ല

ഐഎന്‍എക്‌സ് മീഡിയ കേസില്‍ പി ചിദംബരത്തിന് കുരുക്ക് മുറുകുന്നു. ചിദംബരത്തിന്റെ അറസ്റ്റ് തടയാന്‍ സുപ്രീം കോടതി തയ്യാറായില്ല. അടിയന്തരമായി ഹര്‍ജി പരിഗണിക്കാന്‍ രണ്ട് തവണയും കോടതി വിസമ്മതിച്ചു. ലിസ്റ്റ് ചെയ്യാതെ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ സാധിക്കില്ല എന്ന് ജസ്റ്റിസ് എന്‍വി രമണ വ്യക്തമാക്കി. ഒളിവില്‍ പോയ ചിദംബരത്തിനെതിരെ സിബിഐയും എന്‍ഫോഴ്സ്മെന്റുംലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ഗുരുതര വിമര്‍ശനത്തോടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി, അറസ്റ്റ് ചെയ്യാന്‍ വലവിരിച്ച് എന്‍ഫോഴ്സ്മെന്റും സിബിഐയും, ഈ സാഹചര്യത്തിലാണ് രക്ഷ തേടി ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ രണ്ട് തവണയും കോടതി തയ്യാറായില്ല.

അറസ്റ്റില്‍ നിന്ന് പരിരക്ഷ നല്‍കണമെന്നതിലും കോടതി അനുകൂല നിലപാട് എടുത്തില്ല. ലിസ്റ്റ് ചെയ്യാതെ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ സാധിക്കില്ല എന്നായിരുന്നു ജസ്റ്റിസ് എന്‍ വി രമണയുടെ നിലപാട്. ഹര്‍ജിയില്‍ തീരുമാനം എടുക്കുന്നതിന് ഫയല്‍ ചീഫ് ജസ്റ്റിസിന് വിടാന്‍ രാവിലെ എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് നിശ്ചയിച്ചിരുന്നു.

എന്നാല്‍ ചീഫ് ജസ്റ്റിസ് അയോദ്ധ്യ കേസില്‍ വാദം കേള്‍ക്കുന്നുവെന്നും മറ്റ് പോംവഴികള്‍ ഇല്ലാത്തതിനാല്‍ ഹര്‍ജി പരിഗണിക്കണം എന്നും ആവശ്യപ്പെട്ട് ചിദംബരത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ ഉച്ചയ്ക്ക് വീണ്ടും എന്‍ വി രമണയെ സമീപിച്ചു. എന്നാല്‍ ഹര്‍ജി ലിസ്റ്റ് ചെയ്യാനായി വൈകുന്നേരം വരെ കാത്തിരിക്കൂ എന്നായിരുന്നു നിര്‍ദേശം.

വൈകുന്നേരം ചീഫ് ജസ്റ്റിസ് കോടതിയില്‍ ഹര്‍ജി മെന്‍ഷന്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും അതിന് മുന്‍പ് ബെഞ്ച് എഴുന്നെറ്റു. ഹര്‍ജിയിലെ പിഴവുകള്‍ തിരുത്തിയ കാര്യം രജിസ്ട്രി കോടതിയെ അറിയിച്ചു. വന്‍ തോതില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്ന കേസാണിതെന്ന് മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് സിബിഐയും എന്‍ഫോഴ്സ്മെന്റും ചൂണ്ടിക്കാട്ടി.

ഇവര്‍ തടസ്സ ഹര്‍ജിയും ഫയല്‍ ചെയ്തിട്ടുണ്ട്. കോടതി ഇടപെടല്‍ ഇല്ലാത്തതിനാല്‍ ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം ശക്തമാക്കിയിരിക്കുകയാണ് അന്വേഷണ ഏജന്‍സികള്‍. രാജ്യം വിടുന്നത് തടയാന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ലുക്ക് ഔട്ട് നോട്ടീസ് വേദനാജനകമാണെന്നും ചിദംബരം എവിടേക്കും ഓടി പോയിട്ടില്ലെന്നും അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.

ഇതിനിടെ ചിദംബരത്തിന് പിന്തുണയുമായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ അന്വേഷണ ഏജന്‍സികളെ  കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ഇരുവരും ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here