ഇന്ത്യയെ സൈനിക ഭരണത്തിലാക്കാനുള്ള തുടക്കമാണ് കശ്മീരിലെ നടപടിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കശ്മീരിലെ ജനാധിപത്യം സംരക്ഷിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നും കശ്മീരിനെ മറ്റൊരു പലസ്തീനാക്കാന്‍ അനുവദിക്കില്ലെന്നും യെച്ചുരി വ്യക്തമാക്കുന്നു. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും എ കെ ജി പഠന ഗവേഷണ കേന്ദ്രവും സംഘടിപ്പിച്ച ‘അനുച്ഛേദം 370 റദ്ദാക്കല്‍; ജമ്മു കശ്മീര്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍’ വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരുരാജ്യം ഒരുഭരണം എന്ന ബിജെപി നയം നടപ്പാക്കി രാജ്യത്തിന്റെ മതനിരപേക്ഷതയും ഫെഡറലിസവും തകര്‍ക്കുകയാണ്. ഇതിനെ ശക്തമായി പ്രതിരോധിക്കാന്‍ സിപിഎം രംഗത്തിറങ്ങും. ജനാധിപത്യ, മതനിരപേക്ഷ പാര്‍ടികളുടെയും സമാന മനസ്‌കരുടെയും യോഗം വിളിച്ച് ഭാവിപരിപാടികള്‍ക്ക് രൂപംനല്‍കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം കശ്മീരിനെ വെട്ടിമുറിച്ചത് ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നും കുറ്റപ്പെടുത്തി.ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ബൃഹത്പദ്ധതിയുടെ തുടക്കമായി കാശ്മീര്‍ നീക്കത്തെ കണക്കിലെടുക്കാം. ഇത്തരം നടപടി കശ്മീരില്‍മാത്രം പരിമിതപ്പെടില്ല. നാളെ ഏത് സംസ്ഥാനത്തെയും ഇതേരീതിയില്‍ കൈകാര്യം ചെയ്തേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.