ഐഎൻഎക്സ് മീഡിയ കേസ്: ചിദംബരത്തിന്‍റെ മുന്‍കൂര്‍ ജാമ്യ ഹർജി വെള്ളിയാഴ്ച പരിഗണിക്കും

ഐഎൻഎക്സ് മീഡിയ കേസിൽ പി ചിദംബരത്തിന് കുരുക്ക് മുറുകുന്നു. ചിദംബരത്തിന്റെ അറസ്റ്റ് തടയാൻ തയ്യാറാകാതെ സുപ്രീം കോടതി.

ഹർജി അടിയന്തരമായി പരിഗണിക്കാൻ രണ്ട് തവണയും വിസമ്മതിച്ചു. ലിസ്റ്റ് ചെയ്യാതെ ഹർജിയിൽ വാദം കേൾക്കാൻ സാധിക്കില്ല എന്ന് ജസ്റ്റിസ് എൻ വി രമണ വ്യക്തമാക്കി.

ഹർജി വെള്ളിയാഴ്ച പരിഗണിക്കും. ഒളിവിൽ പോയ ചിദംബരത്തിനെതിരെ സിബിഐയും എൻഫോഴ്‌സ്‌മെന്റും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ഗുരുതര വിമർശനത്തോടെ മുൻകൂർ ജാമ്യ ഹർജി ദില്ലി ഹൈക്കോടതി തള്ളി, അറസ്റ്റ് ചെയ്യാൻ വലവിരിച്ച് എൻഫോഴ്‌സ്‌മെന്റും സിബിഐയും, ഈ സാഹചര്യത്തിലാണ് രക്ഷ തേടി ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്‌.

എന്നാൽ മുൻകൂർ ജാമ്യ ഹർജി അടിയന്തരമായി പരിഗണിക്കാൻ രണ്ട് തവണയും കോടതി തയ്യാറായില്ല. അറസ്റ്റിൽ നിന്ന് പരിരക്ഷ നൽകണമെന്നതിലും കോടതി അനുകൂല നിലപാട് എടുത്തില്ല.

ലിസ്റ്റ് ചെയ്യാതെ ഹർജിയിൽ വാദം കേൾക്കാൻ സാധിക്കില്ല എന്നായിരുന്നു ജസ്റ്റിസ് എൻ വി രമണയുടെ നിലപാട്. ഹർജിയിൽ തീരുമാനം എടുക്കുന്നതിന് ഫയൽ ചീഫ് ജസ്റ്റിസിന് വിടാൻ രാവിലെ എൻ വി രമണ അധ്യക്ഷനായ ബെഞ്ച് നിശ്ചയിച്ചിരുന്നു.

എന്നാൽ ചീഫ് ജസ്റ്റിസ് അയോദ്ധ്യ കേസിൽ വാദം കേൾക്കുന്നുവെന്നും മറ്റ് പോംവഴികൾ ഇല്ലാത്തതിനാൽ ഹർജി പരിഗണിക്കണം എന്നും ആവശ്യപ്പെട്ട് ചിദംബരത്തിന്റെ അഭിഭാഷകൻ കപിൽ സിബൽ ഉച്ചയ്ക്ക് വീണ്ടും എൻ വി രമണയെ സമീപിച്ചു.

എന്നാൽ ഹർജി ലിസ്റ്റ് ചെയ്യാനായി വൈകുന്നേരം വരെ കാത്തിരിക്കൂ എന്നായിരുന്നു നിർദേശം. ഹർജി വെള്ളിയാഴ്ച കോടതി പരിഗണിക്കും.

വൻ തോതിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്ന കേസാണിതെന്ന് മുൻകൂർ ജാമ്യത്തെ എതിർത്ത് സിബിഐയും എൻഫോഴ്‌സ്‌മെന്റും ചൂണ്ടിക്കാട്ടി.

ഇവർ തടസ്സ ഹർജിയും ഫയൽ ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച വരെ കോടതി ഇടപെടൽ ഇല്ലാത്തതിനാൽ ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം അന്വേഷണ ഏജൻസികൾ ശക്തമാക്കി. രാജ്യം വിടുന്നത് തടയാൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ലുക്ക് ഔട്ട് നോട്ടീസ് വേദനാജനകമാണെന്നും ചിദംബരം എവിടേക്കും ഓടി പോയിട്ടില്ലെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചു. ഇതിനിടെ ചിദംബരത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here