ആയുധ ഫാക്ടറികള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം; തൊഴിലാളികള്‍ പണിമുടക്കിലേക്ക്

രാജ്യത്തെ ആയുധ ഫാക്ടറികള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ തൊഴിലാളികള്‍ ഒരുമാസം നീളുന്ന പണിമുടക്ക് തുടങി. 41 ഓര്‍ഡനന്‍സ് ഫാക്ടറികളിലെ തൊഴിലാളികള്‍ കരാര്‍ തൊഴിലാളികള്‍ എന്നിവരടക്കം 82000 പേരാണ് പണിമുടക്ക് നടത്തുന്നത്.

പടക്കോപ്പ് നിര്‍മ്മാണശാലകള്‍, 52 ഡിആര്‍ഡിഒ പരീക്ഷണശാലകള്‍, ആര്‍മി, നേവി, വ്യോമസേനകളുടെ വര്‍ക്ക്ഷോപ്പുകള്‍, നാവികസേനാ കപ്പല്‍ശാലകള്‍, സൈനിക എന്‍ജിനീയറിങ് സ്ഥാപനങ്ങള്‍, ഗുണനിലവാര പരിശോധനാകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരാണ് പണിമുടക്കുന്നത്.

1784 ലാണ് ആദ്യത്തെ വെടിക്കോപ്പ് നിര്‍മ്മാണ ഫാക്ടറി സ്ഥാപിച്ചത്.പീരങ്കികള്‍,സായുധ വാഹനങ്ങള്‍, തോക്കുകള്‍, കാലുറകള്‍ ഉള്‍പ്പെടെ യുദ്ധമേഖലയില്‍ ആവശ്യമായ ഉപകരണങ്ങളും സൈനികര്‍ക്കാവശ്യമായ വസ്തുക്കളുമെല്ലാം ഈ കമ്പനികളാണ് നിര്‍മ്മിക്കുന്നത്.സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 41 ആയുധ ഫാക്ടറികളും പൊതുമേഖലാ കോര്‍പ്പറേഷനാക്കുമെന്നാണ് പറയുന്നതെങ്കിലും ഫലത്തില്‍ സ്വകാര്യ കമ്പനികളുടെ കൈകളില്‍ എത്തിക്കാനാണ് നീക്കം.

സ്വകാര്യ വല്‍ക്കരണം 25,000 സ്ഥിരം ജീവനക്കാരെയും നേരിട്ട് ബാധിക്കും. അധികമുള്ളതെന്ന് കണ്ടെത്തിയ 31,000ത്തിലധികം ജീവനക്കാരെ വിദൂരങ്ങളിലേക്ക് സ്ഥലം മാറ്റുമെന്ന് കാട്ടി നോട്ടീസ് നല്‍കിയിരിക്കുകയാണ്.

275 ഓളം ആയുധ ഉല്‍പ്പന്നങള്‍ റിലയന്‍സ് പോലുള്ള കോര്‍പ്പറേറ്റുകളെ ഇടനിലക്കാരാക്കി വിദേശ ആയുധക്കമ്പനികളില്‍ നിന്നാണ് വാങ്ങുന്നത്. സ്വകാര്യവല്‍ക്കരണനീക്കം ആരംഭിച്ചതു മുതല്‍ പ്രതിരോധ വകുപ്പിലെ ജീവനക്കാര്‍ സിഐടിയു,എഐറ്റിയുസി,ഐഎന്റ്റിയുസി,ബിഎംസ് സംഘടനകളുടെ നേതൃത്വത്തില്‍ ഒരുമാസത്തെ പണിമുടക്ക് തുടങിയത്.

കരിനിയമങ്ങള്‍കൊണ്ടു പണിമുടക്കിനെ നേരിടാനുള്ള ആലോചനകള്‍ നടക്കുന്നുവെന്ന് സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ബോധ്യമുണ്ട്. എങ്കിലും തങ്ങളുടെ നിലനില്‍പ്പിന്റെയോ ജീവനോപാധിയുടെയോ മാത്രം വിഷയമല്ലെന്നതിനാല്‍ അവര്‍ സമരം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here