ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ഗോകുലം എഫ്‌സി ഡ്യൂറന്റ് കപ്പ് ഫൈനലില്‍

അവസാന നിമിഷംവരെ ആവേശം നിറഞ്ഞുനിന്ന തകര്‍പ്പന്‍ പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ഗോകുലം എഫ്‌സി ഡ്യൂറന്റ് കപ്പ് ഫൈനലില്‍. 16 തവണ കിരീടം ചൂടിയ ഈസ്റ്റ് ബംഗാളിനെയാണ് കേരളത്തിന്റെ സ്വന്തം ഗോകുലം വീഴ്ത്തിയത്. ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഗോകുലത്തിന്റെ വിജയം.

മുഴുവന്‍ സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെ മല്‍സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടെങ്കിലും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. നിശ്ചിത സമയത്ത് സമദ് മാലിക്ക് ഈസ്റ്റ് ബംഗാളിനായും മാര്‍ക്കസ് ജോസഫ് ഗോകുലത്തിനായും ഗോള്‍ നേടി. രണ്ടാം സെമിയിലെ റിയല്‍ കശ്മിര്‍, മോഹന്‍ ബഗാന്‍ ഏറ്റുമുട്ടും. ഇതിലെ വിജയിയയുമായാണ് ഗോകുലത്തിന്റെ കലാശപ്പോരാട്ടം.

ഷൂട്ടൗട്ടില്‍ ഈസ്റ്റ് ബംഗാള്‍ താരങ്ങളായ ജെയ്മി സാന്റോസ്, ടോന്‍ഡോംബ സിങ് എന്നിവരുടെ ഷോട്ടുകള്‍ തടുത്തിട്ട മുന്‍ ഈസ്റ്റ് ബംഗാള്‍ താരം കൂടിയായ ഗോള്‍കീപ്പര്‍ സി.കെ. ഉബൈദാണ് ഗോകുലത്തിന്റെ വിജയശില്‍പി.

ഗോകുലം താരം മാലെംഗാംബ മീട്ടെയുടെ ഷോട്ട് ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ മിര്‍ഷാദ് തടുത്തെങ്കിലും പെലിസാറി, ജസ്റ്റിന്‍ ജോര്‍ജ്, ലാല്‍റോമാവ്യ എന്നിവര്‍ ലക്ഷ്യം കണ്ടതോടെ അവസാന കിക്കിനു മുന്‍പുതന്നെ ഗോകുലം ഫൈനലിലേക്ക്.

മല്‍സരം 90 മിനിറ്റ് പിന്നിടുമ്പോള്‍ ആദ്യ പകുതിയില്‍ സമദ് മാലിക്ക് നേടിയ ഏക ഗോളില്‍ ഈസ്റ്റ് ബംഗാള്‍ മുന്നിലായിരുന്നു. എന്നാല്‍, എക്‌സ്ട്രാ ടൈമായി അനുവദിച്ച ആറു മിനിറ്റിനിടെ ഗോകുലത്തിന് ലഭിച്ച പെനല്‍റ്റിയാണ് വഴിത്തിരിവായത്.

ഗോകുലം താരം ഇര്‍ഷാദിനെ ഈസ്റ്റ് ബംഗാളിന്റെ മെഹ്താബ് സിങ് വീഴ്ത്തിയതിനായിരുന്നു പെനല്‍റ്റി. കിക്കെടുത്ത ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫ് ഗോകുലത്തെ ഒപ്പമെത്തിച്ചു. മെഹ്താബ് സിങ്ങിനു റഫറി ചുവപ്പുകാര്‍ഡ് നല്‍കിയതിനാല്‍ 10 പേരുമായാണ് ഈസ്റ്റം ബംഗാള്‍ എക്‌സ്ട്രാ ടൈമില്‍ പൊരുതിനിന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News