ആരാധകരെ ഞെട്ടിച്ച് ക്രിസ്റ്റ്യാനോ; അടുത്തവര്‍ഷം വിരമിച്ചേക്കാമെന്ന് താരം

തകര്‍പ്പന്‍ ഫോമില്‍ ക്ലബ് ഫുട്‌ബോളിലും രാജ്യാന്തര ഫുട്‌ബോളിലും കളി തുടരുന്ന പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആരാധകരെ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ടെലിവിഷന്‍ ചാനലില്‍.

ഒരു പക്ഷേ അടുത്ത വര്‍ഷം താന്‍ വിരമിച്ചേക്കുമെന്ന് സൂപ്പര്‍താരം തന്നെ പറയുന്നു. അതേസമയം വിരമിച്ചില്ലെങ്കില്‍ 40-41 വയസ്സ് വരെ കളിക്കാനും സാധ്യതയുണ്ടെന്നും താരം പറഞ്ഞു. പോര്‍ച്ചുഗല്‍ സ്റ്റേഷന്‍ ടി.വി1ന് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലോകത്തെ മികച്ച ഫുട്ബോളറുടെ പ്രതികരണം പുറത്തെത്തിയത്.

ഒന്നിനും ഒരുറപ്പുമില്ല, എന്നിരുന്നാലും വിരമിക്കല്‍ കാലം ഏറെ വിദൂരമല്ലെന്നും താരം വ്യക്തമാക്കുന്നു. ഫുട്ബോള്‍ എനിക്ക് കിട്ടിയ ഒരു വലിയ സമ്മാനമാണ്. അത് ഞാന്‍ ആസ്വദിക്കുകയാണ്. തുടര്‍ന്നും ആസ്വദിക്കുക തന്നെ ചെയ്യുമെന്നും അഭിമുഖത്തില്‍ ക്രിസ്റ്റ്യാനോ പറഞ്ഞു.

നേട്ടങ്ങളുടെ കാര്യത്തില്‍ താരതമ്യങ്ങളില്ല ആരാധകരുടെ റോണോയ്ക്ക്. അഞ്ച് ബാലണ്‍ദ്യോര്‍, നാല് യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂസ്, മൂന്ന് രാജ്യങ്ങളിലായി ക്ലബ് കിരീടങ്ങള്‍, മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, രണ്ടു ലാലിഗാ ചാമ്പ്യന്‍പട്ടം. രാജ്യത്തിനുവേണ്ടി യൂറോ കപ്പും യുവേഫ നേഷന്‍സ് കപ്പും 158 ഗോളുകളും.

ക്ലബ് കരിയറില്‍ 601 ഗോളുകള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും റയല്‍ മാഡ്രിഡിനുംശേഷം ഇപ്പോള്‍ യുവന്റസ് കുപ്പായത്തിലും 34 വയസ്സുള്ള റൊണാള്‍ഡോ തകര്‍പ്പന്‍ ഫോമിലാണ്. കഴിഞ്ഞ വര്‍ഷം 43 കളികളില്‍ 28 ഗോള്‍ നേടിയതാരം യുവന്റസിന് ഇറ്റാലിയന്‍ സീരി എ കിരീടം നേടിക്കൊടുത്തിരുന്നു.

വ്യക്തിഗതമായ നേട്ടം പരിശോധിച്ചാല്‍ ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാക്കി ഫുട്ബോളില്‍ താരം ചരിത്ര നേട്ടമാണ് നടത്തിയിരിക്കുന്നത്. ഏതെങ്കിലും സോക്കര്‍ താരം തന്റെ റെക്കോഡിനൊപ്പമുണ്ടോയെന്നും താരം ചോദിക്കുന്നു.

രാജ്യാന്തര ഗോളുകളുടെ എണ്ണത്തില്‍ സമകാലീന കളിക്കാരില്‍ റൊണാള്‍ഡോയാണ് മുന്നില്‍. രണ്ടാം സ്ഥാനത്ത് ലയണല്‍ മെസിയെ പിന്തള്ളിയെത്തിയ ഇന്ത്യന്‍ താരം സുനില്‍ ഛേത്രിയും.

കഴിഞ്ഞ വര്‍ഷം റയല്‍ മാഡ്രിഡ് വിട്ട് യുവന്റസില്‍ ചേര്‍ന്ന ക്രിസ്റ്റ്യാനോയ്ക്ക് ഇനി മൂന്ന് വര്‍ഷത്തെ കരാര്‍ കാലാവധി കൂടി ബാക്കിയുണ്ട്. ശനിയാഴ്ച തുടങ്ങുന്ന സീരി എ യില്‍ പാര്‍മയ്ക്കെതിരേ ആദ്യ മത്സരം കളിക്കാനൊരുങ്ങുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel