ഐഎന്‍എക്സ് മീഡിയ കേസില്‍ അറസ്റ്റിലായ പി ചിദംബരത്തെ സിബിഐ ഇന്ന് കോടതിയില്‍ ഹാജരാക്കും.കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിടണമെന്ന് ആവശ്യപ്പെടും. ഇന്നലെ രാത്രിയാണ ചിദംബരത്തെ സിബിഐ നാടകീയമായി അറസ്റ്റ് ചെയ്തത്.സുപ്രീംകോടതി അറസ്റ്റില്‍ നിന്ന് പരിരക്ഷ നല്‍കാന്‍ തയ്യാറാകാഞ്ഞതോടെ ചിദംബരത്തിന്റെ അറസ്റ്റ് ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാല്‍ ചിദംബരം എവിടെയെന്ന് അറിയാതെ അന്വേഷണ സംഘം ഇരുട്ടില്‍ തപ്പുകയായിരുന്നു.

എന്നാല്‍ രാത്രി 8 മണിക്ക് എഐസിസി ആസ്ഥാനത്ത് പ്രത്യക്ഷപ്പെട്ട് ചിദംബരം മാധ്യമങ്ങളെ കണ്ടു. കേസിലെ നിരപരാധിത്വം ആവര്‍ത്തിച്ചു.വിവരം അറിഞ്ഞ് ഇന്‍ഫോഴ്സ്‌മെന്റും സിബിഐയും അക്ബര്‍ റോഡിലേക്ക് എത്തി. പക്ഷെ ചിദംബരം സ്ഥലം വിട്ടിരുന്നു. എന്നാല്‍ ജോര്‍ബാഗിലെ വസതിയിലേക്കാണ് പോയത് എന്ന് മനസിലാക്കിയതോടെ 115ആം നമ്പര്‍ വീട്ടിലേക്ക് കുതിച്ചു. ഒടുവില്‍ മതില്‍ ചാടിക്കടന്ന് വീടിനകത്തേക്ക് പ്രവേശിക്കുകയായിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം വക വയ്ക്കാതെയായിരുന്നു ചിദംബരത്തിന്റെ അറസ്റ്റ്. സിബിഐ ആസ്ഥാനത്ത് എത്തിച്ച ചിദംബരത്തെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ചോദ്യം ചെയ്തു. ഏറെ വൈകിയും ചോദ്യം ചെയ്യല്‍ തുടര്‍ന്നു.ഇന്ന് കോടതിയില്‍ ഹാജരാക്കുന്ന ചിദംബരത്തിനെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിടണമെന്ന് സിബിഐ ആവശ്യപ്പെടും. ജാമ്യം അനുവദിക്കണമെന്ന് ചിദംബരവും കോടതിയില്‍ ആവശ്യപ്പെടും.