ഇരുപത്തിമൂന്നാം ആഴ്ചയില്‍ പിറന്ന പെണ്‍കുഞ്ഞിന് 380 ഗ്രാം മാത്രമായിരുന്നു തൂക്കം. ഡോക്ടര്‍ റോജോ ജോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദിവസങ്ങളോളം നീണ്ട ചികിത്സയ്ക്ക് ശേഷം കുഞ്ഞു കാശ്വിയുടെ കുരുന്നു ജീവന്‍ തിരികെ കൊണ്ടുവന്നത്.

വെറും 380 ഗ്രാം മാത്രം ഭാരവുമായാണ് 23ാം ആഴ്ചയില്‍ കുഞ്ഞ് കാശ്വി പിറന്നുവീണത്. ഒരു കൈപ്പത്തിയുടെ മാത്രം വലിപ്പമായിരുന്നു. എറണാകുളം ലൂര്‍ദ് ആശുപത്രിയിലെ ഡോ. റോജോ ജോയും സംഘവുമാണ് കുരുന്നു ജീവന്‍ രക്ഷിച്ചെടുക്കാന്‍ ദിവസങ്ങളോളം ചികിത്സ നടത്തിയത്. ഒടുവില്‍ ആരോഗ്യകേരളത്തിന് പുതിയ ചരിത്രനേട്ടവുമായി കുഞ്ഞ് കാശ് വി ജീവിതത്തിലേക്ക്. മൂന്ന് മാസത്തെ ചികിത്സയ്ക്ക് ശേഷം കുഞ്ഞിന് തൂക്കം ഒന്നരക്കിലോയായി. ദക്ഷിണേന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കണക്കുകള്‍ പ്രകാരം ഏറ്റവും കുറഞ്ഞ ഭാരത്തില്‍ ജനിക്കുന്ന രണ്ടാമത്തെ കുഞ്ഞാണ് കാശ്വി.

ഉത്തര്‍ പ്രദേശ് സ്വദേശിയും ലൂര്‍ദാശുപത്രിയിലെ ഓര്‍ത്തോപീഡിക്സ് വിഭാഗം മെഡിക്കല്‍ വിദ്യാര്‍ഥി കൂടിയായ ഡോക്ടര്‍ ദിഗ് വിജയുടെയും ശിവാങ്കിയുടെയും മകളാണ് കാശ്വി. സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതായിരുന്നു ശിവാങ്കിയുടെ ഗര്‍ഭധാരണം. മൂന്നു തവണ ഗര്‍ഭം അലസി പോയി. കാത്തിരുന്ന് കിട്ടിയ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നുതന്ന ആശുപത്രി അധികൃതരോടും ഡോക്ടര്‍മാരോടും ദമ്പതികള്‍ നന്ദിയറിയിച്ചു.