ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഈ മാസം 31 മുതല്‍ നവംബര്‍ 23 വരെ. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യാതിഥിയാകും. മത്സരത്തിന്റെ പുതിയ ഫിക്‌സ്ച്ചറും തയ്യാറായി.

ഓഗസ്റ്റ് 31 ന് നെഹ്‌റു ട്രോഫിക്കൊപ്പമാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗിന് തുടക്കമാകുന്നത്. പ്രളയക്കെടുതിയെ തുടര്‍ന്നാണ് ഈ മാസം 10ന് ആരംഭിക്കാനിരുന്ന ലീഗ് മത്സരം 31ലെക്ക് മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യാതിഥിയാകും. വള്ളംകളി എന്ന പരമ്പരാഗത മത്സരത്തിന്റെ ആവേശം ചോരാതെയാകും സിബിഎല്‍ നടത്തുകയെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.(വള്ളംകളിയെ സമകാലികമാക്കി ലോകത്തിന് പ്രിയങ്കരമാക്കുകയാണ് ലക്ഷ്യം)

ടൂറിസത്തില്‍ ബോട്ട് ലീഗ് വലിയ മാറ്റം കൊണ്ടുവരുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.12 മത്സരങ്ങള്‍ ഉള്ള ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ 9 ടീമുകളാണ് പങ്കാളികളാകുക. വിജയികള്‍ക്ക് 25 ലക്ഷം ലഭിക്കും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 15, 10 ലക്ഷം എന്നിങ്ങനെയാണ് സമ്മാനത്തുക. പ്രളയദുരന്തത്തില്‍ പകച്ചു നിന്നാല്‍ സമ്പത്ത് വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സിബിഎല്‍ പുനക്രമീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പുതിയ ഫിക്‌സ്ച്ചറും തയ്യാറാക്കി. ഓഗസ്റ്റ് 31ന് ആരംഭിച്ച് നവംബര്‍ 23ന് മത്സരങ്ങള്‍ അവസാനിക്കും