ഓണത്തെ വരവേല്‍ക്കാന്‍ ബാങ്ക് കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ പൂന്തോട്ടമൊരുക്കി ജീവനക്കാര്‍. തളിപ്പറമ്പ കാര്‍ഷിക വികസന ബാങ്കിന്റെ പയ്യന്നൂര്‍ ഹെഡ് ഓഫീസിന്റെ മട്ടുപ്പാവിലാണ് ചെണ്ടുമല്ലികള്‍ വസന്തം തീര്‍ക്കുന്നത്. പൂര്‍ണമായും ജൈവ രീതിയിലാണ് ഇവിടുത്തെ പൂ കൃഷി.

തളിപ്പറമ്പ കാര്‍ഷിക വികസന ബാങ്കിന്റെ പയ്യന്നൂരിലുള്ള ഹെഡ് ഓഫീസ് കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ ഇപ്പോള്‍ പൂക്കാലമാണ്.കണ്ണിന് കുളിര്‍മ്മയേകുന്നതാണ് മഴയും കാറ്റും കൂസാതെ ചെണ്ടുമല്ലിയും വാടാമല്ലിയും പൂത്തുലഞ്ഞ നില്‍ക്കുന്ന കാഴ്ച.ബാങ്ക് സെക്രട്ടറി പി വി പ്രിന്‍സ് മുന്‍ കയ്യെടുത്തപ്പോള്‍ ജീവനക്കാരും മട്ടുപ്പാവിനെ പൂന്തോട്ടമാക്കാന്‍ ഒപ്പം നിന്നു.

നേരത്തെ ഈ മട്ടുപ്പാവില്‍ പച്ചക്കറി കൃഷി നടത്തിയും വിജയം കൊയ്തിരുന്നു.ബാങ്ക് ഭരണ സമിതിയുടെ പിന്തുണയും ഈ വിജയഗാഥയ്ക്ക് പിന്നിലുണ്ട്. പൂര്‍ണമായും ജൈവ രീതിയില്‍ പരിചരിച്ച 180 തൈകളാണ് പൂവിട്ടത് .ഓണത്തിന് പൂക്കള്‍ വിളവെടുക്കും.