ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ തുടക്കത്തിനായി വിരാട് കോഹ്ലിയും സംഘവും ഇന്ന് ഇറങ്ങുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരമാണ്. വെസ്റ്റിന്‍ഡീസാണ് എതിരാളികള്‍. രണ്ട് മത്സരങ്ങളാണ് പരമ്പരയില്‍.ആന്റിഗ്വയിലെ നോര്‍ത്ത് സൗണ്ട് വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തിലാണ് മത്സരം. വിന്‍ഡീസിലെ പിച്ചുകള്‍ ഇപ്പോള്‍ പേസിനെ തുണയ്ക്കുന്നതാണ്. ബാറ്റ്സ്മാന്‍മാര്‍ പരീക്ഷിക്കപ്പെടും.

വിന്‍ഡീസില്‍ ട്വന്റി-20, ഏകദിന പരമ്പരകള്‍ എളുപ്പത്തില്‍ നേടിയാണ് കോഹ്ലിയും കൂട്ടരും ടെസ്റ്റിന് ഇറങ്ങുന്നത്. രണ്ട് വര്‍ഷത്തെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനാണ് തുടക്കുമാകുന്നത്. 2021ലാണ് അവസാനിക്കുക.ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം റാങ്കുകാരാണ് ഇന്ത്യന്‍ ടീം. ഓസ്ട്രേലിയന്‍ മണ്ണില്‍ പരമ്പര നേട്ടം കുറിച്ചു. സമീപകാലത്ത് വിദേശ മണ്ണില്‍ മികച്ച പ്രകടനമാണ്. പേസ് ബൗളിങ് നിരയുടെ മിടുക്കാണ് ഈ കുതിപ്പിനുപിന്നില്‍. എട്ടുമാസത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യന്‍ ടീം ടെസ്റ്റ് കളിക്കുന്നത്.

ടെസ്റ്റിലെ ഒന്നാം റാങ്കുകാരന്‍ കോഹ്ലിയാണ് ബാറ്റിങ് നിരയുടെ ശക്തി. ചേതേശ്വര്‍ പൂജാരയാണ് മറ്റൊരു പ്രധാനി. ബാറ്റിങ് ദുഷ്‌കരമായ പിച്ചുകളില്‍ പൂജാരയുടെ ചെറുത്തുനില്‍പ്പാണ് ടീമിനെ രക്ഷിക്കുക. അഞ്ചാംനമ്പറില്‍ അജിന്‍ക്യ രഹാനെയ്ക്കാണ് സാധ്യത. ഈ പരമ്പരയിലും മങ്ങിയാല്‍ വൈസ് ക്യാപ്റ്റന്റെ നിലനില്‍പ്പ് പരുങ്ങലിലാകും. സ്ഥിരതയില്ലാത്തതാണ് രഹാനെയുടെ പ്രശ്നം. രോഹിത് ശര്‍മ, ഹനുമ വിഹാരി എന്നിവരും ബാറ്റിങ് നിരയിലുണ്ട്.

ബൗളിങ് നിരയില്‍ ഒന്നാംനമ്പര്‍ താരം ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവ് കരുത്തുകൂട്ടും. ലോകകപ്പിനുശേഷം വിശ്രമത്തിലായിരുന്നു ബുമ്ര. മുഹമ്മദ് ഷമിയും ഇശാന്ത് ശര്‍മയുമാണ് പേസ്നിരയില്‍ ബുമ്രയുടെ കൂട്ടാളികള്‍. ജാസണ്‍ ഹോള്‍ഡറുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന വിന്‍ഡീസ് പട ഇംഗ്ലണ്ടിനെ ഞെട്ടിച്ചവരാണ്. ഹോള്‍ഡറുടെ ഓള്‍ റൗണ്ട് മികവാണ് വിന്‍ഡീസിന് കരുത്തേകുന്നത്. കെമര്‍ റോച്ചും ഷാനണ്‍ ഗബ്രിയേലും പേസ് വിഭാഗത്തില്‍ ഹോള്‍ഡര്‍ക്ക് പിന്തുണ നല്‍കും. ബാറ്റ്സ്മാന്‍മാരില്‍ ക്രെയ്ഗ് ബ്രത്വയ്റ്റ്, ഷായ് ഹോപ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ഡാരെന്‍ ബ്രാവോ എന്നിവരും പിടിച്ചുനില്‍ക്കാന്‍ കെല്‍പ്പുള്ളവരാണ്.ഓള്‍ റൗണ്ടര്‍ റോസ്റ്റണ്‍ ചേസാണ് വിന്‍ഡീസ് നിരയിലെ നിര്‍ണായക ഘടകം. അവസാന പരമ്പരയില്‍ ചേസ് ഇന്ത്യന്‍ ബൗളര്‍മാരെ പ്രതിരോധിച്ചിരുന്നു.