സാമ്പത്തിക മാന്ദ്യത്തേ തുടര്‍ന്ന് പാര്‍ലെ 10000 ജീവനക്കാരെ പിരിച്ചുവിടുന്നു. പായ്ക്കറ്റുകളില്‍ ബിസ്‌കറ്റിന്റെ എണ്ണം കുറച്ചും പിടിച്ചുനില്‍ക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. ഒടുവില്‍ ഉല്‍പ്പാദനം കുറയ്ക്കാനും ജീവനക്കാരെ വെട്ടിക്കുറയ്ക്കാനും പാര്‍ലെയുടെ തീരുമാനം. ഇന്ത്യയിലെ ജനപ്രിയ ബിസ്‌കറ്റ് ബ്രാന്‍ഡായ പാര്‍ലെയാണ് സാമ്പത്തിക മാന്ദ്യത്തില്‍പ്പെട്ട് നട്ടം തിരിയുന്നത്. ചരക്കുസേവന നികുതിയിലെ ഉയര്‍ന്ന നിരക്കും തിരിച്ചടിയാണെന്ന് കമ്പനി പ്രതിനിധി അറിയിച്ചു. പതിനായിരത്തോളം ജീവനക്കാരെയാണ് പാര്‍ലെ പിരിച്ചുവിടുന്നത്. ഉല്‍പ്പാദനം വെട്ടിച്ചുരുക്കും.

വാഹന, വസ്ത്ര മേഖലയ്ക്കുപിന്നാലെയാണ് ലഘുഭക്ഷണ നിര്‍മാണമേഖലയിലേക്കും മാന്ദ്യം പടരുന്നത്. 18 ശതമാനം ജിഎസ്ടി ബിസ്‌കറ്റ് വില്‍പ്പനയില്‍ വന്‍ ഇടിവുണ്ടാക്കിയതാണ് ജീവനക്കാരെ പിരിച്ചുവിടുന്നതിലേക്ക് എത്തിച്ചതെന്ന് പാര്‍ലെ കാറ്റഗറി ഹെഡ് മായങ്ക് ഷാപറഞ്ഞു. ഗ്രാമീണ മേഖലയില്‍ ഏറെ ഉപഭോക്താക്കളുള്ള പാര്‍ലെ ബിസ്‌കറ്റ് സാധാരണക്കാര്‍ക്കിടയില്‍ വളരെ ജനപ്രീതിയാര്‍ജിച്ചതാണ്. കമ്പനിയുടെ മൊത്തവരുമാനത്തിന്റെ മൂന്നില്‍രണ്ടും സാധാരണക്കാരില്‍നിന്നാണ്.

ജിഎസ്ടി വര്‍ധിപ്പിച്ചപ്പോള്‍ അഞ്ചുരൂപയുടെ പായ്ക്കറ്റിനുപോലും നികുതിവന്നു. തുടര്‍ന്ന് അഞ്ച് രൂപ പായ്ക്കില്‍ ഉള്‍പ്പെടെ ബിസ്‌കറ്റുകളുടെ എണ്ണത്തില്‍ കുറവുവരുത്തി. ഇത് വില്‍പ്പനയെ ബാധിച്ചു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 90 വര്‍ഷത്തെ പാരമ്പര്യമുള്ള പാര്‍ലെയുടെ വാര്‍ഷിക വരുമാനം 1400 കോടി ഡോളറാണ്. 2003ല്‍ ലോകത്തെ ഏറ്റവും വില്‍പ്പനയുള്ള ബിസ്‌കറ്റ് ആയിരുന്നു. 1929ല്‍ സ്ഥാപിതമായ കമ്പനിയില്‍ 125 പ്ലാന്റുകളിലായി സ്ഥിരം–താല്‍ക്കാലിക അടിസ്ഥാനത്തില്‍ ലക്ഷം തൊഴിലാളികളുണ്ട്.

ബ്രിട്ടാനിയയും സമാന അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഗുരുതരമായ സ്ഥിതിവിശേഷം വിപണിയിലുണ്ടെന്ന് ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ വരുണ്‍ ബെറി പറഞ്ഞു.