സംസ്ഥാനത്തെ 10 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. 55 കേന്ദ്രങ്ങളാണ് ദേശീയ അംഗീകാരത്തിനായി കേരളം അയച്ചത്. അതില്‍ 32 കേന്ദ്രങ്ങള്‍ക്ക് നേരത്തെ അംഗീകാരം ലഭിച്ചിരുന്നു. ഇതോടെ കേരളത്തിലെ 42 കേന്ദ്രങ്ങള്‍ക്ക് അംഗീകാരം ലഭിച്ചു.

3 കേന്ദ്രങ്ങളുടെ അംഗീകാരത്തിനായുള്ള നടപടിക്രമങ്ങള്‍ കഴിഞ്ഞിട്ടുണ്ട്. 10 കേന്ദ്രങ്ങള്‍ക്ക് അംഗീകാരത്തിനായുള്ള അപേക്ഷ നല്‍കിയിട്ടുമുണ്ട്. കണ്ണൂര്‍ ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രം (സ്‌കോര്‍: 98),കണ്ണൂര്‍ കാങ്കോല്‍ ആലപ്പടമ്പ കുടുംബാരോഗ്യ കേന്ദ്രം (97), കണ്ണൂര്‍ മലപ്പട്ടം കുടുംബാരോഗ്യ കേന്ദ്രം (97), ആലപ്പുഴ പനവള്ളി കുടുംബാരോഗ്യ കേന്ദ്രം (96), മലപ്പുറം അമരമ്പലം കുടുംബാരോഗ്യ കേന്ദ്രം (95), കണ്ണൂര്‍ കൊളശേരി യു.പി.എച്ച്.സി., (94.3), തൃശൂര്‍ ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രം (94), എറണാകുളം വാഴക്കുളം കുടുംബാരോഗ്യ കേന്ദ്രം (93), കണ്ണൂര്‍ പട്യം കുടുംബാരോഗ്യ കേന്ദ്രം (92), കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി (89) എന്നിവയാണ് ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍.ക്യു.എ.എസ്. ബഹുമതി നേടുന്നത്. .

തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രം നേരത്തെ 99 സ്‌കോറോടെ രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം കാസര്‍കോട് കയ്യൂര്‍ കുടുംബാരോഗ്യകേന്ദ്രം ഇതേ സ്‌കോര്‍ നേടി രാജ്യത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ഈ വര്‍ഷാവസാനത്തോടെ 140 കേന്ദ്രങ്ങള്‍ക്ക് ദേശീയ അംഗീകാരം നേടിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.