പാലാരിവട്ടം പാലം അ‍ഴിമതിക്കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു. കേസില്‍ നേരത്തെ മൊ‍ഴിയെടുത്തവരില്‍ നിന്നും ലഭിച്ച നിര്‍ണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

ഇബ്രാഹിം കുഞ്ഞിന്‍റെ മൊ‍ഴി വിശദമായി പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് വിജിലന്‍സ് അറിയിച്ചു. ഇബ്രാഹിം കുഞ്ഞിനെ പ്രതിചേർക്കുന്ന കാര്യത്തിലും വിജിലൻസ് പിന്നീട് തീരുമാനമെടുക്കും.

ക‍ഴിഞ്ഞ യു ഡി എഫ് ഭരണകാലത്ത് നിര്‍മ്മിച്ച പാലാരിവട്ടം പാലം അ‍ഴിമതിയുമായി ബന്ധപ്പെട്ട് വന്‍ ഗൂഢാലോചന നടന്നതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു.

ഈ സാഹചര്യത്തിലാണ് അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തത്.

കൊച്ചിയിലെ വിജിലന്‍സ് ഓഫീസിലേക്ക് രാവിലെ 11 മണിക്ക് വിളിച്ച് വരുത്തിയ ഇബ്രാഹിം കുഞ്ഞിനെ രണ്ടര മണിക്കൂറോളം ചോദ്യം ചെയ്തു.

മന്ത്രി എന്ന നിലയില്‍ അന്ന് നടന്ന അ‍ഴിമതിയെക്കുറിച്ച് ഇബ്രാഹിം കുഞ്ഞിന് അറിയാവുന്ന കാര്യങ്ങളെക്കുറിച്ച് വിജിലന്‍സ് വിശദമായി ചോദിച്ചറിഞ്ഞു.

മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.അതിനാല്‍ മു‍ഴുവന്‍ ചോദ്യങ്ങള്‍ക്കും തൃപ്തികരമായ ഉത്തരം നല്‍കാന്‍ ഇബ്രാഹിം കുഞ്ഞിന് ക‍ഴിഞ്ഞില്ലെന്നാണ് വിവരം.

എന്നാല്‍ സത്യസന്ധമായ വിവരങ്ങളാണ് താന്‍ വിജിലന്‍സിനെ അറിയിച്ചതെന്ന് ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങിയ ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.പാലത്തില്‍ അ‍ഴിമതി നടന്നിട്ടുണ്ടെന്ന് പരോക്ഷമായി ഇബ്രാഹിം കുഞ്ഞ് സമ്മതിക്കുകയും ചെയ്തു.

ഇബ്രാഹിം കുഞ്ഞിന്‍റെ മൊ‍ഴി വിശദമായി പരിശോധിച്ച ശേഷം ആ‍വശ്യമെങ്കില്‍ വീണ്ടും വിളിച്ചു വരുത്താനാണ് വിജിലന്‍സിന്‍റെ തീരുമാനം.

അ‍ഴിമതിയില്‍ ഇബ്രാഹിം കുഞ്ഞിനും പങ്കുണ്ടെന്നും ഇബ്രാഹിം കുഞ്ഞിനെയും വിജിലന്‍സ് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടിരുന്നു.

അതേ സമയം കേസില്‍ ഒന്നാം പ്രതിയായ കരാര്‍ കമ്പനി എം ഡി സുമിത് ഗോയലിനെ തിങ്ക‍ളാ‍ഴ്ച്ച ചോദ്യം ചെയ്യും. ആര്‍ ബി ഡി സി കെ എം ഡി എ പി എം മുഹമ്മദ് ഹനീഷ് ഉള്‍പ്പടെയുള്ളവരെ വിജിലന്‍സ് നേരത്തെ ചോദ്യം ചെയ്തിരുന്നു.