വെല്ലൂര്‍: തമിഴ്‌നാട്ടില്‍ താഴ്ന്ന ജാതിക്കാരന്റെ മൃതദേഹംശ്മശാനത്തിലേക്ക് കൊണ്ടുപോയത് കയറില്‍ കെട്ടിയിറക്കി.

ഉന്നത ജാതിക്കാര്‍ പറമ്പിലൂടെ വഴി നടക്കാന്‍ അനുവദിക്കാത്തതിനാലാണ് ദലിത് വയോധികന്റെ മൃതദേഹം തമിഴ്‌നാട് വെല്ലൂര്‍ നാരായണപുരത്ത് പാലത്തില്‍ നിന്നും കയറില്‍ കെട്ടിയിറക്കേണ്ടി വന്നത്.

വെല്ലൂര്‍ നാരായണപുരത്ത് അപകടത്തില്‍ മരിച്ച കുപ്പന്‍ (65) ആണ് ജാതീയ വിവേചനത്തിന് ഇരയായത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

വാണിയമ്പാടി പ്രദേശത്ത് ആരു മരിച്ചാലും ഇതേ അവസ്ഥയായതിനാലാണു വിഡിയോ എടുത്തതെന്നും ഇവിടെ അമ്പതോളം ദലിത് കുടുംബങ്ങളുണ്ടെന്നും നാട്ടുകാരനായ യുവാവ് പറഞ്ഞു.

‘പത്തു വര്‍ഷം മുമ്പാണ് ഈ സ്ഥലം ഉന്നത ജാതിക്കാര്‍ സ്വന്തമാക്കിയതും വേലി കെട്ടി തിരിച്ചതും. അതിലൂടെ കടന്നുവേണം പുഴക്കരയിലെ പൊതുശ്മശാനത്തിലെത്താന്‍. ഞങ്ങള്‍ക്കൊരു റോഡോ ശ്മശാനമോ വേണം’ കുപ്പന്റെ അനന്തരവന്‍ വിജയ് ആവശ്യപ്പെട്ടു.

വെള്ളാള ഗൗണ്ടര്‍മാരാണു മൃതദേഹം തടഞ്ഞതെന്നു പൊലീസ് പറഞ്ഞു. ഓഗസ്റ്റ് 17ന് നടന്ന സംഭവത്തിന്റെ വിഡിയോ ബുധനാഴ്ചയോടെയാണു വൈറലായത്.

16ന് ആണ് കുപ്പന്‍ മരിച്ചത്. കാലങ്ങളായി ശ്മശാനമായി ഉപയോഗിക്കുന്ന പ്രദേശം ഉന്നത ജാതിക്കാര്‍ സ്വന്തമാക്കിയതോടെ മൃതദേഹവുമായി വരുന്നതു തടയാന്‍ തുടങ്ങി.

15 വര്‍ഷം മുമ്പ് പാലം ഇല്ലാതിരുന്നപ്പോള്‍ മൃതദേഹം വെള്ളത്തില്‍ ഒഴുക്കിവിടുകയാണു ചെയ്തിരുന്നത്. പാലം വന്നപ്പോഴാണ് അതിലൂടെ കയറുകെട്ടിയിറക്കി മൃതദേഹം സംസ്‌കരിക്കാനുള്ള സാഹചര്യമുണ്ടായതെന്നും വിജയ് പറഞ്ഞു. അന്വേഷണം ആരംഭിച്ചതായി എസ്‌ഐ ബി.പ്രിയങ്ക അറിയിച്ചു.