തകര്‍ത്തു പെയ്ത മഴയിലും പ്രളയത്തിലും പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായവുമായി ഹിമായത്തുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. അതിജീവിക്കുന്ന കേരളത്തിന് കൈത്താങ്ങാവാന്‍ ഇവര്‍ നല്‍കിയ 10001 രൂപക്ക് പായസത്തിന്റെ മാധുര്യമുണ്ട്.

കാരണം സ്‌കൂളിലെ 25 കസ്റ്റംസ് കേഡറ്റ് കോര്‍പ്പ് വിദ്യാര്‍ത്ഥികള്‍ സ്വന്തം വീടുകളില്‍ നിന്ന് പായസം ഉണ്ടാക്കി ബീച്ചില്‍ വില്‍പന നടത്തിയാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള തുക കണ്ടെത്തിയത്. ദുരിതബാധിതര്‍ക്കായി കുഞ്ഞുകരങ്ങളൊരുമിച്ചപ്പോള്‍ ഇവരിലെ നന്‍മ തിരിച്ചറിഞ്ഞ് പത്തു രൂപ മുതല്‍ നൂറു രൂപവരെയാണ് പായസത്തിനായി ആളുകള്‍ നല്‍കിയത്. കസ്റ്റംസ് സൂപ്രണ്ട് സി.ജെ തോമസ് ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെ 750 കപ്പ് പായസമാണ് അവധി ദിനത്തില്‍ ഇവര്‍ വൈകീട്ട് നാലര മുതല്‍ ആറര വരെ വില്‍പന നടത്തിയത്.

പ്രധാനാധ്യാപകന്‍ വി.കെ ഫൈസല്‍, കസ്റ്റംസ് കേഡറ്റ് കോര്‍പ്പ് കോര്‍ഡിനേറ്റര്‍ എം.പി ഷാനവാസ് എന്നിവരോടൊപ്പം കലക്ടറേറ്റിലെത്തിയാണ് വിദ്യാര്‍ത്ഥികള്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനായി തുക കൈമാറിയത്. പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനായി 1000 പുസ്തകങ്ങളും കസ്റ്റംസ് കേഡറ്റ് കോര്‍പ്പ് വിദ്യാര്‍ത്ഥികള്‍ ശേഖരിക്കുന്നുണ്ട്.