കോടതിയിലെ നാടകീയരംഗങ്ങള്‍ക്ക് ഒടുവില്‍ ചിദംബരത്തിന് ജാമ്യം നിഷേധിച്ചു; 26 വരെ കസ്റ്റഡിയില്‍. സിബിഐ കോടതിയാണ് ജാമ്യം നിഷേധിച്ചത്. ഒന്നരമണിക്കൂറാണ് വാദം നടന്നത്. ചിദംബരത്തെ കോടതിയില്‍ സംസാരിക്കാന്‍ അനുവദിക്കരുതെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു.

ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ ചിദംബരത്തിനെതിരെ ശക്തമായ വെളിവുണ്ടെന്നും ആയതിനാല്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. തുടരന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ചിദംബരത്തെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്നും കോടതിയില്‍ സിബിഐ ആവശ്യപ്പെട്ടു. അന്വേഷണവുമായി ചിദംബരം സഹകരിക്കുന്നില്ലായെന്നും ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞുമാറുകയാണെന്നും സിബിഐ പറഞ്ഞു.

സിബിഐ കോടതിയില്‍ ചിദംബരത്തിനുവേണ്ടി അഭിഷേക് സിംഗ്വിയും കപില്‍ സിബലുമാണ് വാദിച്ചത്. പ്രതിഭാഗത്തിന്റെ വാദത്തില്‍ കപില്‍ സിബല്‍ സിബിഐയെ കടന്നാക്രമിച്ചു. ഈ കേസ് രാഷ്ട്രീയ വൈര്യമാണ്. സിബിഐയുടെ ചോദ്യം ചെയ്യല്‍ തെറ്റായിരുന്നു. കേസ് ഡയറി തെളിവല്ലെന്നും കപില്‍ സിബല്‍ വാദിച്ചു.

വാദം പൂര്‍ത്തിയായപ്പോള്‍ കോടതിയില്‍ ചിദംബരത്തിന് സംസാരിക്കാന്‍ അവസരം ലഭിച്ചു.സിബിഐയുടെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയെന്ന് ചിദംബരം പറഞ്ഞു. വിദേശത്ത് തനിക്ക് അക്കൗണ്ട് ഇല്ലെന്നും എന്നാല്‍, മകന് അക്കൗണ്ട് ഉണ്ടെന്നും ചിദംബരം പറഞ്ഞു.