സിഎസ്‌ഐ ബിഷപ്പ് ധര്‍മ്മരാജ് റസാലത്തിനെതിരെ കേസെടുക്കാന്‍ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി ശുപാര്‍ശ. കാരക്കോണം മെഡിക്കല്‍ കോളേജ് പ്രവേശനത്തിന് പണം വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശുപാര്‍ശ.

അന്യസംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ മെഡിക്കല്‍ പ്രവേശനം നല്‍കാന്‍ പാടില്ലെന്ന് ഇരിക്കെയാണ് മാനേജ്‌മെന്റ് തലവരി പണം വാങ്ങി എന്ന് കണ്ടെത്തിയതിനാണ് നടപടി.വിദ്യാര്‍ത്ഥികളില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കണമെന്നും പ്രവേശന പരീക്ഷ മേല്‍നോട്ട സമിതി നിര്‍ദ്ദേശിച്ചു

സിഎസ്‌ഐ മഹാകേരള ഇടവക ബിഷപ്പ് ധര്‍മ്മരാജ് റസാലം, കോളേജ് ഡയറക്ടര്‍ ബെനറ്റ് എബ്രഹാം അഡ്മിനിസ്ട്രറ്റീവ് ഓഫീസര്‍ പി തങ്കരാജ് എന്നീവര്‍ക്കെതിരെ തലവരി പണം വാങ്ങിയ സംഭവത്തില്‍ ക്രിമിനല്‍ കേസ് രജിസ്ട്രര്‍ ചെയ്ത് അന്വേഷിക്കാനാണ് സ്വാശ്രയ പ്രവേശന മേല്‍നോട്ട സമിതിയുടെ ശുപാര്‍ശ.

ഇരുപത്തിനാലോളം അന്യ സംസ്ഥാന വിദ്യാര്‍ത്ഥികളില്‍ നിന്ന് 2019 ലെ മെഡിക്കല്‍ പ്രവേശനത്തിന് തലവരി പണം വാങ്ങിയെന്ന പരാതിയില്‍ അന്വേഷണം നടത്തിയാണ് കോളേജ് മാനേജ്‌മെന്റിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മറ്റി ശുപാര്‍ശ ചെയ്തത്.

കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ അന്യ സംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ പാടില്ലെന്നിരിക്കെയാണ് മാനേജ്‌മെന്റ്ിന്റെ നടപടി. പണം നല്‍കിയ രക്ഷിതാക്കള്‍ പരാതിയുമായി ജസ്റ്റിസ് രാജേന്ദ്രബാബു കമ്മറ്റിയെ സമീപിച്ചിരുന്നു. വിദ്യാര്‍ത്ഥികളില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കണമെന്നും പ്രവേശന പരീക്ഷ മേല്‍നോട്ട സമിതി നിര്‍ദ്ദേശിച്ചു.

പുതിയതായി ചുമതലയേറ്റെടുത്ത ഭരണസമിതി കുട്ടികള്‍ക്ക് പണം തിരികെ നല്‍കാന്‍ തയ്യാറാവുന്നില്ലെന്ന് ബിഷപ്പ് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട് . പഴയ ഭരണസമിതിയും നിലവിലെ ഭരണസമിതിയും തമ്മല്‍ ഉളള പ്രശ്‌നങ്ങളാണ് പണം തിരികെ നല്‍കാന്‍ സാധിക്കാത്തതിന് പിന്നിലെന്നും ബിഷപ്പ് മൊഴി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.പണം വാങ്ങിയെന്ന് ബിഷപ്പ് സമ്മതിച്ചതിനാലാണ് കേസ് എടുക്കാന്‍ കമ്മറ്റി ശുപാര്‍ശ ചെയ്തത്.

മറ്റേതാനും ചില രക്ഷിതാക്കളില്‍ നിന്ന് തലവരി പണം വാങ്ങിയ മറ്റൊരു സംഭവത്തില്‍ കോളേജ് അധികാരികള്‍ക്കെതിരെ കഴിഞ്ഞ ദിവസം വെളളറട പോലീസ് കേസെടുത്തിരുന്നു. അതിന് പിന്നാലെയാണ് ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മറ്റി ബിഷപ്പിനെതിരെ ക്രിമിനല്‍ കേസ് എടുക്കാനാവശ്യപ്പെട്ടത്. കോളേജിനെതിരെ ഉചികമായ നടപടി എടുക്കണമെന്നും കമ്മറ്റിയുടെ ശുപാര്‍ശയില്‍ പറയുന്നു.