ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വ്യക്തിഹത്യ ചെയ്ത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍. രാഖി കെട്ടാന്‍ വിസമ്മതിച്ച പേയാട് സെന്റ് സേവിയേഴ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയാണ് വ്യക്തിഹത്യ ചെയ്തത്. കുട്ടികളുടെ ബാഗില്‍ ബലമായി ലഹരി ഉല്‍പ്പന്നങ്ങള്‍ തിരുകി വെച്ച ശേഷം വീഡിയോ പ്രചരിപ്പിച്ചാണ് വ്യക്തിഹത്യ നടത്തുന്നത്.

രാഖി കെട്ടാന്‍ വിസ്സമ്മതിച്ച പേയാട് സെന്റ് സേവിയേഴ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ സ്‌കൂളിനുളളില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തതോടെയാണ് വിദ്യാര്‍ത്ഥികളെ വ്യക്തിഹത്യ ചെയ്യാന്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നീക്കം ആരംഭിച്ചത്. സ്‌കൂളിനുളളില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചശേഷം അവരുടെ ബാഗില്‍ ലഹരി വസ്തുകള്‍ ബലമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തിരുകി വെച്ചിരുന്നു.

മര്‍ദ്ദന വിവരം പുറത്ത് പറഞ്ഞാല്‍ വിഡിയോ പുറത്ത് വിടുമെന്നായാരുന്നു ഭീക്ഷണി. മര്‍ദ്ദന വിവരം പുറത്താവുകയും, പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തതോടെയാണ് കുട്ടികളെ വ്യക്തിഹത്യ ചെയ്യുന്ന വിഡിയോ സംഘപരിവാര്‍ അനുകൂല പോര്‍ട്ടലുകളില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി ബിലാല്‍ രംഗത്തെത്തി.

ആര്‍എസ്എസ് ആക്രമണത്തില്‍ പരിക്കേറ്റ ബിലാല്‍ ഇപ്പോഴും മലയന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കുപ്രചരണം നടത്തുന്നതില്‍ സ്‌കൂള്‍ അധികാരികള്‍ പോലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ്. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും പോലീസ് ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല.