‘ദേശാഭിമാനി’യിലെ ‘നേര്‍വഴി’ പംക്തിയില്‍ കോടിയേരി എഴുതിയ ലേഖനം പൂര്‍ണ്ണമായി വായിക്കാം:

പിന്നോട്ടടിക്കപ്പെടുന്ന ഒരു ഇന്ത്യയിലേക്ക് വളരെ വേഗം രാജ്യത്തെ എത്തിക്കാനാണ് മോഡി സര്‍ക്കാരും ആര്‍എസ്എസും രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുന്നത്. കശ്മീരില്‍ മുഴങ്ങുന്ന ജനാധിപത്യത്തിന്റെ മരണമണി ആ വിഷയത്തിലും അവിടെയും മാത്രമായി പരിമിതപ്പെടുന്നില്ല. നൂറ്റാണ്ടുകളിലെ പോരാട്ടങ്ങളിലൂടെ സ്വതന്ത്ര ഇന്ത്യയില്‍ നിലനില്‍ക്കുന്ന സംവരണം എന്ന സാമൂഹ്യ പരിരക്ഷാ സംവിധാനത്തെ തകിടംമറിക്കാന്‍ കാവിക്കണ്ണുകള്‍ നോട്ടമിട്ടിരിക്കുന്നു. അതിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ സംവരണവിരുദ്ധ പരാമര്‍ശത്തിലൂടെ ഉണ്ടായിരിക്കുന്നത്.

രാജ്യത്ത് നിലനില്‍ക്കുന്ന സംവരണത്തെക്കുറിച്ച് ചര്‍ച്ച വേണമെന്ന് ആര്‍എസ്എസ് സംഘടിപ്പിച്ച ചടങ്ങില്‍ പ്രസംഗിച്ചപ്പോള്‍ ഭാഗവത് നിര്‍ദേശിച്ചു. ശിക്ഷാസംസ്‌കൃതി ഉത്ഥന്‍ ന്യാസ് എന്ന സംഘപരിവാര്‍ സംഘടന ഇഗ്‌നോ കേന്ദ്രത്തില്‍ സംഘടിപ്പിച്ച ജ്ഞാനോത്സവത്തിലായിരുന്നു ഈ പ്രസംഗം. സംവരണത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും സൗഹാര്‍ദപരമായ അന്തരീക്ഷത്തില്‍ ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ഭാഗവത് പറഞ്ഞത്. രാജ്യം കശ്മീരിന് അനുവദിച്ച പ്രത്യേക അവകാശാധികാരങ്ങള്‍ ഒരു ദിനം ഇരുട്ടിവെളുക്കുംമുമ്പ് ഇല്ലാതാക്കാന്‍, സ്വന്തം മുന്നണിക്ക് ഭൂരിപക്ഷം ഇല്ലാത്ത രാജ്യസഭയില്‍ ‘സൗഹാര്‍ദപരമായ വിലയ്‌ക്കെടുക്കല്‍ അന്തരീക്ഷം’ സൃഷ്ടിച്ചത് എല്ലാവരും കണ്ടതാണ്. സംവരണം അട്ടിമറിക്കാനുള്ള നിയമനിര്‍മാണത്തിനും ഇത്തരം സൗഹാര്‍ദാന്തരീക്ഷം നിര്‍ബന്ധപൂര്‍വം വാര്‍ത്തെടുക്കാന്‍ കഴിയും എന്ന ഹുങ്കിലാണ് സംഘപരിവാര്‍.

ആര്‍എസ്എസ് പണ്ടേ എതിരാണ്

പട്ടികജാതിവര്‍ഗ, പിന്നോക്കവിഭാഗങ്ങള്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുമാണ് ഇന്ന് രാജ്യത്ത് സംവരണമുള്ളത്. ഇതിന് ആര്‍എസ്എസ് പണ്ടേ എതിരാണ്. ഭാഗവതാകട്ടെ ആര്‍എസ്എസ് നിലപാട് മയമില്ലാതെ പല ഘട്ടങ്ങളിലും പറയുന്നുണ്ട്. 2015ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പു ഘട്ടത്തില്‍ അദ്ദേഹം നടത്തിയ സംവരണവിരുദ്ധ പരാമര്‍ശം വലിയ തെരഞ്ഞെടുപ്പ് വിഷയമായി മാറിയിരുന്നു. അന്ന് പല ബിജെപി നേതാക്കളും ഞാണിന്മേല്‍ കളി നടത്തിയിരുന്നു. എന്നാല്‍, 2017 ജനുവരി 20ന് ആര്‍എസ്എസ് താത്വികാചാര്യന്‍ മന്‍മോഹന്‍ വൈദ്യസംവരണം തുല്യനീതി നിഷേധിക്കലാണെന്നും സാമൂഹ്യ സംഘര്‍ഷം ഉണ്ടാക്കുന്നതാണെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇത് പറഞ്ഞത് ജയ്പുര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുത്തുകൊണ്ടായിരുന്നു. ആര്‍എസ്എസ് മുന്നോട്ടുവയ്ക്കുന്ന ഏകാത്മക മാനവദര്‍ശനം സംവരണത്തിന് അനുകൂലമല്ല. അതിനനുസരിച്ച നിലപാട് ആര്‍എസ്എസ് മേധാവിയില്‍നിന്നുമുണ്ടാകുന്നു എന്നുമാത്രം. അതായത്, ഇതൊരു നാവുപിഴ അല്ല.

മനുസ്മൃതി ചിന്തയും ചാതുര്‍വര്‍ണ്യസിദ്ധാന്തവുമുള്ള വൈദികസംസ്‌കാരമാണ് ആര്‍എസ്എസ് മുറുകെപ്പിടിക്കുന്നത്. ഹിന്ദുത്വമെന്നാല്‍ അത് പുരാതന ഭാരതീയ സംസ്‌കാരമാണെന്നും അതിലെ ചാതുര്‍വര്‍ണ്യത്തെ ചോദ്യംചെയ്യാന്‍ പാടില്ലെന്നുമുള്ള ആശയമാണ് ഏകാത്മക മാനവദര്‍ശനത്തിലുള്ളത്. ഇതേപ്പറ്റി ദീന്‍ ദയാല്‍ ഉപാധ്യായ ഉള്‍പ്പെടെയുള്ള ആര്‍എസ്എസ് നേതാക്കള്‍ ഒരുപാട് ഉപന്യസിച്ചിട്ടുണ്ട്. നമ്മുടെ വര്‍ണവ്യവസ്ഥയെ വിരാട് പുരുഷന്റെ നാല് അംഗങ്ങളായിട്ടാണ് ഇവര്‍ കരുതുന്നത്. ശിരസ്സില്‍നിന്ന് ബ്രാഹ്മണനും ബാഹുക്കളില്‍നിന്ന് ക്ഷത്രിയനും ഊരുകളില്‍നിന്ന് വൈശ്യനും പാദങ്ങളില്‍നിന്ന് ശൂദ്രനും ഉത്ഭവിച്ചു എന്ന് ചൂണ്ടിക്കാട്ടി ദീന്‍ദയാല്‍ ഉള്‍പ്പെടെയുള്ള ആര്‍എസ്എസ് സൈദ്ധാന്തികര്‍ വര്‍ഗവൈരുധ്യം, വര്‍ഗസമരം തുടങ്ങിയ ആശയങ്ങളെ തള്ളിക്കളഞ്ഞു. വര്‍ണങ്ങള്‍ പരസ്പരപൂരകമായിരിക്കണമെന്നും വാദിക്കുന്നു. ഉള്ളവനും ഇല്ലാത്തവനും, തൊഴിലാളിയും മുതലാളിയും എന്ന വേര്‍തിരിവോ അപ്രകാരമുള്ള സംഘട്ടനമോ പാടില്ല എന്നതാണ് ആര്‍എസ്എസ് സിദ്ധാന്തം. അതിനാലാണ്, നൂറ്റാണ്ടുകളായി സാമൂഹ്യ അവശത അനുഭവിച്ചതിന്റെ ഫലമായി സമൂഹത്തിന്റെ താഴെ കോണിപ്പടവുകളില്‍ കഴിയേണ്ടിവരുന്നവരെ കൈപിടിച്ച് ഉയര്‍ത്താനുള്ള സംവരണമെന്ന ഭരണഘടനാദത്ത സംവിധാനത്തെ എതിര്‍ക്കുന്നത്.

ചാതുര്‍വര്‍ണ്യവ്യവസ്ഥയ്ക്ക് ഊനംതട്ടുന്നതാണ് സംവരണം എന്ന വിലയിരുത്തലിന്റെ ഫലമായിട്ടാണ് സംഘപരിവാര്‍ ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചിരിക്കുന്നത്.
മതനിരപേക്ഷതയും സാമൂഹ്യസമത്വവും എന്നതാണ് ഇന്ത്യന്‍ ഭരണഘടനയുടെ കാഴ്ചപ്പാട്. അതിന് ഇണങ്ങുന്നതാണ് സംവരണ സംവിധാനം. സാമൂഹ്യയാഥാര്‍ഥ്യങ്ങളെ ശരിയായ അര്‍ഥത്തില്‍ പരിഗണിച്ച് സംവരണകാര്യത്തില്‍ സിപിഐ എം എല്ലാക്കാലത്തും സുവ്യക്തനിലപാട് സ്വീകരിച്ചിട്ടുണ്ട്. മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ ദേശീയ അന്തരീക്ഷത്തില്‍ അടക്കം അത്തരം നിലപാടാണ് സിപിഐ എം കൈക്കൊണ്ടത്. കേരളത്തിന്റെ അനുഭവംതന്നെ നോക്കുക.

പഴയ തിരുവിതാംകൂറിലും കൊച്ചിയിലും ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായാണ് സംവരണ ആവശ്യം ഉയര്‍ന്നുവന്നത്. അതിന് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയും പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടിയും തയ്യാറായി. മറ്റു പാര്‍ടികളില്‍നിന്ന് വ്യത്യസ്തമായി സംവരണപ്രശ്‌നത്തെ വര്‍ഗസമരത്തിന്റെ ഭാഗമായാണ് കമ്യൂണിസ്റ്റ് പാര്‍ടി കണ്ടത്. തൊഴിലില്ലായ്മയും ദാരിദ്ര്യവും മുതലാളിത്ത സാമൂഹ്യവ്യവസ്ഥയുടെ സൃഷ്ടിയാണ്. സംവരണം കൊണ്ടുമാത്രം ഈ പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണാനാകില്ല. എന്നാല്‍, പരമ്പരാഗതമായി സാമൂഹ്യ പിന്നോക്കാവസ്ഥയിലുള്ള വിഭാഗങ്ങളെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ സംവരണം ആവശ്യമാണ്. പിന്നോക്കദളിത് വിഭാഗങ്ങളെയുള്‍പ്പെടെ മുന്‍നിരയിലേക്ക് എത്തിക്കുന്നതിന് ഭൂപരിഷ്‌കരണം പ്രധാനമാണെന്നും പാര്‍ടി കണ്ടു. 1957ലെ കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭൂപരിഷ്‌കരണം നടപ്പാക്കിയത് ഇതുകൂടി മനസ്സിലാക്കിയാണ്. അതോടൊപ്പം ഇത്തരം വിഭാഗങ്ങള്‍ക്ക് സംവരണം ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും പാര്‍ടി വിലയിരുത്തി.

ജനങ്ങളെ തമ്മിലടിപ്പിച്ച് വോട്ട് തട്ടാനുള്ള ദുഷ്ടലാക്ക്
കേരളത്തിലെപ്പോലെ കേന്ദ്ര സര്‍വീസിലും മറ്റിതര മേഖലകളിലും പിന്നോക്കവിഭാഗത്തിനും ദളിത് വിഭാഗത്തിനും സംവരണം ആവശ്യമാണെന്ന നിലപാടില്‍ കമ്യൂണിസ്റ്റുകാര്‍ ഉറച്ചുനില്‍ക്കും. മഹാരാഷ്ട്രയിലും ഹരിയാനയിലും ജാര്‍ഖണ്ഡിലും അടുത്തു തന്നെ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംവരണവിരോധികളുടെ വോട്ട് തട്ടാനുള്ള ഉദ്ദേശ്യവും ആര്‍എസ്എസ് മേധാവിക്കുണ്ട്. ജനങ്ങളെ തമ്മിലടിപ്പിച്ച് വോട്ട് തട്ടാനുള്ള ആര്‍എസ്എസ് ദുഷ്ടലാക്കിനെ സാമൂഹ്യനീതി ആഗ്രഹിക്കുന്നവരും സമാധാനകാംക്ഷികളും ഒറ്റപ്പെടുത്തണം.

പിന്നോക്കവിഭാഗക്കാര്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ ജനങ്ങളുടെ പുരോഗതിക്ക് എല്ലാ ജാതിയിലുംപെട്ട പാവപ്പെട്ടവരുടെ ഐക്യം പ്രധാനമാണ്. അതിനാല്‍, മുന്നോക്ക സമുദായത്തിലെ പാവപ്പെട്ടവരെ പിന്നോക്കവിഭാഗത്തോടൊപ്പം അണിനിരത്തണം. അതിനിണങ്ങുന്നതാണ് സിപിഐ എമ്മിന്റെ സംവരണനയം. അതില്‍ മൂന്ന് ഘടകമുണ്ട്. (1) പട്ടികജാതിവര്‍ഗക്കാര്‍ക്ക് നിലവിലുള്ള സംവരണം അതുപോലെ തുടരണം. (2) പിന്നോക്ക വിഭാഗത്തില്‍പ്പെട്ട പാവപ്പെട്ടവര്‍ക്ക് സംവരണം തുടരണം. ക്രീമിലെയര്‍ വിഭാഗത്തെ ഒഴിവാക്കുമ്പോള്‍ അതത് സമുദായത്തിന് അനുവദിച്ച സംവരണക്കുറവ് വരാതിരിക്കാന്‍ ക്രീമിലെയര്‍ വിഭാഗത്തെയും പരിഗണിച്ച് നിശ്ചിത ശതമാനം സംവരണം ഉറപ്പാക്കണം. (3) മുന്നോക്ക സമുദായത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനത്തില്‍ കവിയാത്ത സംവരണം നല്‍കണം. ഇതിന് ഭരണഘടന ഭേദഗതി ചെയ്യണം.

സിപിഐ എമ്മിന്റെ ഈ അഭിപ്രായഗതിക്ക് രാജ്യത്തുതന്നെ ശക്തിയുണ്ട്. ഇതിന് ചെവികൊടുക്കാതെ സംവരണംതന്നെ ഇല്ലാതാക്കാനാണ് ആര്‍എസ്എസ് നീങ്ങുന്നത്. കമ്യൂണിസ്റ്റുകാരുടെ പ്രഖ്യാപിത സംവരണനയം ലഭ്യമായ നിയമപരിരക്ഷയനുസരിച്ച് നടപ്പാക്കുന്നതില്‍ മുന്നോട്ടുവന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ മാതൃകാപരമായ നടപടി ഈ ഘട്ടത്തിലോര്‍ക്കണം

സിപിഐ എമ്മിന്റെ ഈ അഭിപ്രായഗതിക്ക് രാജ്യത്തുതന്നെ ശക്തിയുണ്ട്. ഇതിന് ചെവികൊടുക്കാതെ സംവരണംതന്നെ ഇല്ലാതാക്കാനാണ് ആര്‍എസ്എസ് നീങ്ങുന്നത്. കമ്യൂണിസ്റ്റുകാരുടെ പ്രഖ്യാപിത സംവരണനയം ലഭ്യമായ നിയമപരിരക്ഷയനുസരിച്ച് നടപ്പാക്കുന്നതില്‍ മുന്നോട്ടുവന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ മാതൃകാപരമായ നടപടി ഈ ഘട്ടത്തിലോര്‍ക്കണം. കേരളത്തില്‍ ദേവസ്വംബോര്‍ഡുകളില്‍ പട്ടികജാതി വര്‍ഗ പിന്നോക്ക സമുദായങ്ങള്‍ക്ക് പുതുതായി സംവരണമേര്‍പ്പെടുത്തുകയും ഒപ്പം മുന്നോക്കസമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം കൊണ്ടുവരികയും ചെയ്തു എല്‍ഡിഎഫ് സര്‍ക്കാര്‍. സാമൂഹ്യപുരോഗതിക്ക് ഗതിവേഗം പകരുന്ന ഇത്തരം സംവരണ നടപടികളാണ് രാജ്യത്തിനാവശ്യം. സംവരണം ഇല്ലാതാക്കാനുള്ള ആര്‍എസ്എസ് പുറപ്പാടിനെതിരെ രാജ്യം ജാഗ്രത പുലര്‍ത്തണം.