ഇന്ത്യയുടെ രൂപയ് കാര്‍ഡ് യുഎഇയിലേക്കും .പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ചായിരിക്കും രൂപയ് കാര്‍ഡ് പുറത്തിറക്കുകയെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ നവ്ദീപ് സിംങ് സൂരി അറിയിച്ചു. വിസ കാര്‍ഡ്, മാസ്റ്റര്‍ കാര്‍ഡ് എന്നീ കാര്‍ഡുകള്‍ക്ക് സമാനമായ കാര്‍ഡാണ് രൂപയ് കാര്‍ഡ്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ആദ്യമായിട്ടാണ് ഇന്ത്യ സ്വന്തം പ്ലാസ്റ്റിക്ക് മണി കാര്‍ഡ് പുറത്തിറക്കുന്നത്.

ഇന്ത്യയും യുഎഇയും സംയുക്തമായുണ്ടാക്കിയ കരാര്‍ പ്രകാരം നാഷണല്‍ പെയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും യുഎഇയിലെ മെര്‍ക്കുറി പെയ്മെന്റ് സര്‍വ്വീസും സഹകരിച്ചാണ് രൂപയ് കാര്‍ഡ് പ്രവര്‍ത്തിക്കുക. പ്രവാസികളായ ഇന്ത്യക്കാര്‍ക്കും ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശികള്‍ക്കും വ്യാപാരികള്‍ക്കും ഈ കാര്‍ഡ് ഏറെ ഉപകാരപ്പെടുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ പറഞ്ഞു.