പുരസ്‌കാര തിളക്കത്തില്‍ കണ്ണൂര്‍ ചെറുതാഴം കുടുംബരോഗ്യ കേന്ദ്രം.

രാജ്യത്തെ മികച്ച കുടുംബരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യ പത്ത് സ്ഥാനങ്ങളും കേരളം കരസ്ഥമാക്കിയപ്പോള്‍ രണ്ടാം സ്ഥാനത്താണ് ചെറുതാഴം. ദേശീയ ഗുണ നിലവാര ബഹുമതിയായ എന്‍ ക്യു എ എസ് അംഗീകാരമാണ് ചെറുതാഴം കുടുംബരോഗ്യ കേന്ദ്രത്തിന് ലഭിച്ചത്.

കണ്ണൂര്‍ ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തുന്നവര്‍ ഇതൊരു സര്‍ക്കാര്‍ ആശുപത്രി തന്നെയാണോ എന്ന് ആദ്യമൊന്ന് സംശയിക്കും. അത്യാധുനിക സൗകര്യങ്ങളും ജീവനക്കാരുടെ പെരുമാറ്റവും വൃത്തിയും വെടിപ്പുമുള്ള ചുറ്റുപാടും എല്ലാം ഒന്നിനൊന്ന് മികച്ചത്.

കുട്ടികളുടെ കളിസ്ഥലം,ഉദ്യാനം,ഇന്‍ഡോര്‍ പ്ലേ ഏരിയ,കൊതുക് നശീകരണത്തിനായി ഗപ്പി ടാങ്ക് തുടങ്ങി മറ്റൊരു സ്ഥലത്തും കാണാത്ത പല പ്രത്യേകതകളും ഇവിടെയുണ്ട്.

ആരോഗ്യ വകുപ്പിന്റെ സഹായവും ജീവനക്കാരുടെ കൂട്ടായ്മയും സ്ഥലം എംഎല്‍എ ടി വി രാജേഷിന്റെ ശ്രമങ്ങളുമാണ് നേട്ടങ്ങള്‍ക്ക് പിന്നില്‍.
ജനകീയ കൂട്ടായ്മയാണ് ആശുപത്രിയുടെ മികവിന് പിന്നിലെ മറ്റൊരു പ്രധാന ഘടകമെന്ന് പഞ്ചായത്ത് പ്രസിഡന്റ പി പ്രഭാവതി സാക്ഷ്യപ്പെടുത്തുന്നു.

2017ലാണ് കണ്ണൂര്‍ ജില്ലയിലെ ആദ്യ കുടുംബരോഗ്യ കേന്ദ്രമായി ചെറുതാഴം പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ ഉയര്‍ത്തിയത്. ദിവസവും നാനൂറോളം പേരാണ് ഇവിടെ ചികിത്സയ്ക്ക് എത്തുന്നത്.