വിള്ളല്‍ കണ്ട തുടിമുട്ടി മലയും ദുരന്തസ്ഥലമായ കവളപ്പാറയും വിദഗ്ധസംഘം സന്ദര്‍ശിച്ചു. തുടുമുട്ടി മലയില്‍ അപകട സാധ്യത തള്ളിക്കളയാനാവില്ലെന്നും മഴ തുടര്‍ച്ചയായുണ്ടായാല്‍ ആളുകളെ മാറ്റണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സമീപത്തെ തോടുകളില്‍ പരിശോധന നടത്താനും സംഘം തീരുമാനിച്ചു. കവളപ്പാറ, പാതാര്‍, ഉപ്പട, കരുവാരക്കുണ്ട്, പുല്ലങ്കോട് എസ്റ്റേറ്റ് എന്നിവിടങ്ങിലും പരിശോധന നടത്തി.

പത്ത് സംഘങ്ങളാണ് ജില്ലയില്‍ മണ്ണിടിച്ചില്‍ സാധ്യതാ സ്ഥലങ്ങള്‍ പരിശോധിക്കുന്നത്. രണ്ട് പേരാണ് ഒരു സംഘത്തിലുള്ളത്. നിലമ്പൂര്‍ താലൂക്കില്‍ മൂന്നും ഏറനാട് താലൂക്കില്‍ രണ്ടും മറ്റ് താലൂക്കുകളില്‍ ഓരോ സംഘത്തെയുമാണ് നിയോഗിച്ചിട്ടുള്ളത്. മണ്ണിടിച്ചില്‍ സാധ്യതാ സ്ഥലങ്ങളില്‍ പരിശോധന നടത്തി പത്തുദിവസത്തിനകം കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ മേഖലകളില്‍നിന്ന് മാറിത്താമസിപ്പിച്ചവരുടെ പുനരധിവാസം സംബന്ധിച്ചും സംഘം പരിശോധിക്കുന്നുണ്ട്.

അഡീഷണല്‍ ജിയോളജിസ്റ്റ് ഡോ. വി സുനില്‍ കുമാര്‍, ജൂനിയര്‍ ഹൈഡ്രോളജിസ്റ്റുകളായ വി അശ്വിന്‍, എം അനില്‍, മഞ്ചേരേി മണ്ണുസംരക്ഷണ കേന്ദ്രം കണ്‍സര്‍വേറ്റര്‍ ഡോ. ഷംല റഷീദ് എന്നിവരടങ്ങുന്ന സംഘമാണ് കവളപ്പാറ മേഖല സന്‍ദര്‍ശിച്ചത്. വെള്ളിയാഴ്ച സംഘം വഴിക്കടവ്, കരുവാരക്കുണ്ട് മേഖലയിലെ മണ്ണിടിച്ചില്‍ സാധ്യതാ സ്ഥലങ്ങള്‍ പരിശോധിക്കും.കാണാതായവര്‍ക്കായി കവളപ്പാറയിലെ ദുരന്ത മുഖത്ത് വ്യാഴാഴ്ച നടത്തിയ തെരച്ചിലില്‍ ആരെയും കണ്ടെത്താനായില്ല. വെള്ളിയാഴ്ചയും തെരച്ചില്‍ തുടരും. മണ്ണിനടിയിലായ 59 പേരില്‍ 48 പേരുടെ മൃതദേഹമാണ് കിട്ടിയത്.