ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ തുടക്കം പാളി. വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാംദിനം ഇന്ത്യയുടെ മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ മങ്ങി. മഴകാരണം വൈകിയാണ് കളി തുടങ്ങിയത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 85 റണ്ണെടുത്തു. 40 റണ്ണോടെ ലോകേഷ് രാഹുലും 24 റണ്ണുമായി അജിന്‍ക്യ രഹാനെയുമാണ് ക്രീസില്‍.

മായങ്ക് അഗര്‍വാള്‍ (5), ചേതേശ്വര്‍ പൂജാര (2), ക്യാപ്റ്റന്‍ വിരാട് കോഹ്ലി (9) എന്നിവര്‍ പുറത്തായി.വിന്‍ഡീസിനുവേണ്ടി കെമര്‍ റോച്ച് രണ്ടും ഷാനണ്‍ ഗബ്രിയേല്‍ ഒരു വിക്കറ്റും നേടി.ആന്റിഗ്വയിലെ ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡര്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

ആന്റിഗ്വയില്‍ വിന്‍ഡീസ് പേസര്‍മാര്‍ ഉശിരോടെ പന്തെറിഞ്ഞപ്പോള്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ വിരണ്ടു. മായങ്കിനെ റോച്ചും ഗബ്രിയേലും കാര്യമായി പരീക്ഷിച്ചു. രാഹുല്‍ ആത്മവിശ്വാസത്തോടെയാണ് ബാറ്റ് വീശിയത്.അഞ്ചാമത്തെ ഓവറില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. മായങ്കിനെ റോച്ച് വിക്കറ്റ് കീപ്പര്‍ ഷായ് ഹോപിന്റെ കൈകളിലെത്തിച്ചു. അമ്പയര്‍ ഔട്ട് കൊടുത്തില്ല. വിന്‍ഡീസ് റിവ്യൂ നല്‍കി. പരിശോധനയില്‍ പന്ത് മായങ്കിന്റെ ബാറ്റില്‍തൊട്ടെന്ന് തെളിഞ്ഞു. അതേ ഓവറില്‍ മറ്റൊരു കനത്ത തിരിച്ചടിയും കിട്ടി. പൂജാരയും പുറത്ത്. റോച്ചിന്റെ പന്ത് പൂജാരയുടെ ബാറ്റിനരികില്‍ തൊട്ട് ഹോപിന്റെ കൈകളില്‍. സ്‌കോര്‍ 2-7. ക്യാപ്റ്റന്‍ കോഹ്ലി വേഗത്തില്‍ കളിക്കാനാണ് ശ്രമിച്ചത്. രണ്ട് ബൗണ്ടറികള്‍ പായിച്ച കോഹ്ലിക്ക് അമിതാവേശം വിനയായി. ഗബ്രിയേലിന്റെ ഷോര്‍ട്ട് പിച്ച് പന്തുകളില്‍ ഏകാഗ്രത നഷ്ടമായ കോഹ്ലി ഒടുവില്‍ വീണു. ഷമര്‍ ബ്രൂക്സാണ് കോഹ്ലിയെ പിടികൂടിയത്.

തുടര്‍ന്ന് രാഹുലും രഹാനെയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. രഹാനെ പതര്‍ച്ചയോടെയാണ് കളിച്ചത്. വിന്‍ഡീസ് ക്യാപ്റ്റന്‍ ഹോള്‍ഡര്‍ തുടര്‍ച്ചയായി മെയ്ഡനുകള്‍ എറിഞ്ഞു. ഇടയ്ക്ക് ബാറ്റിനരികില്‍ തട്ടി പന്ത് സ്ലിപ്പ് ഫീല്‍ഡര്‍മാര്‍ക്കിടയിലൂടെ പറന്നു. എങ്കിലും ഉച്ചഭക്ഷണംവരെ ഇരുവരും പിടിച്ചുനിന്നു. 60 റണ്ണാണ് നാലാം വിക്കറ്റില്‍ പിറന്നത്.

ആറ് ബാറ്റ്സ്മാന്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. രോഹിത് ശര്‍മയ്ക്ക് ഇടംകിട്ടിയില്ല. ഹനുമ വിഹാരി ഉള്‍പ്പെട്ടു. വിക്കറ്റിന് പിന്നില്‍ ഋഷഭ് പന്താണ് ഇടംനേടിയത്. രവീന്ദ്ര ജഡേജ ടീമിലെ ഏക സ്പിന്നറായി. ആര്‍ അശ്വിനെ പരിഗണിച്ചില്ല. പേസ് നിരയില്‍ ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും ഇശാന്ത് ശര്‍മയും ഉള്‍പ്പെട്ടു.