വെള്ളപ്പൊക്കത്തില്‍ മലിനമായ കിണറുകള്‍ ശുചീകരിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

കോഴിക്കോട്: വെള്ളപ്പൊക്കത്തില്‍ മലിനമായ കിണറുകള്‍ ശുചീകരിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. കോഴിക്കോട് കൊടിയത്തൂര്‍ മേഖലയിലാണ് യൂത്ത് ബ്രിഗേഡ് നേതൃത്വത്തില്‍ യുവാക്കള്‍ കിണര്‍ വൃത്തിയാക്കുന്നത്.

മുക്കം കൊടിയത്തൂര്‍ പഞ്ചായത്തിലെ ആയിരത്തിലേറെ കിണറുകളാണ് വെള്ളപ്പൊക്കത്തില്‍ മലിനമായത്. കടുത്ത ശുദ്ധജല ക്ഷാമവും ഇവിടങ്ങളില്‍ അനുഭവപ്പെടുന്നു. ഡിവൈഎഫ്‌ഐ കൊടിയത്തൂര്‍ മേഖല യൂത്ത് ബ്രിഗേഡ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ കിണറുകള്‍ ശുചീകരിക്കുകയാണിപ്പോള്‍.

സ്വന്തമായി പമ്പ് സെറ്റ് ഉള്‍പ്പെടെ വാങ്ങിയാണ് കിണര്‍ ശുചീകരണ പ്രവൃത്തികള്‍ നടക്കുന്നത്. ഇതിനകം അന്‍പതിലധികം കിണറുകള്‍ ഇവര്‍ വൃത്തിയാക്കി. പ്രവര്‍ത്തനം തുടരാനാണ് തീരുമാനമെന്ന് ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വി വസീഫ് പറഞ്ഞു.

പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട് വീടുകളിലേക്ക് തിരിച്ചെത്തിയവര്‍ക്ക് വലിയ ആശ്വാസമാവുകയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ സഹായം. ഡിവൈഎഫ്‌ഐയ്ക്ക് പിന്തുണയുമായി കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കും ഗ്രാമപഞ്ചായത്തും കൂടെയുണ്ട്. ഇതിലൂടെ പ്രദേശത്തെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വി വസീഫ്, അരുണ്‍കുമാര്‍, അഖില്‍ കണ്ണംപറമ്പ് എന്നിവര്‍ നേതൃത്വം നല്‍കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here