സച്ചിന്‍ തെണ്ടുല്‍ക്കറുടെ റിക്കാര്‍ഡുകളില്‍ ഒന്നൊഴിച്ചു മറ്റെല്ലാം വിരാട് കോലി തകര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗ്. എന്നാല്‍ 200 ടെസ്റ്റുകളെന്ന സച്ചിന്റെ റിക്കാര്‍ഡ് കോലിക്ക് കിട്ടാക്കനിയാകുമെന്നും സേവാഗിന്റെ പ്രവചനം.ഇപ്പോഴത്തെ താരങ്ങളില്‍ ഏറ്റവും മികച്ചയാള്‍ കോലിയാണ്. സെഞ്ചുറികളുടെ കാര്യത്തിലും റണ്‍സ് അടിച്ചുകൂട്ടുന്ന കാര്യത്തിലും കോഹ്ലി തന്നെയാണു മികച്ചുനില്‍ക്കുന്നതും. സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ മിക്ക റിക്കാര്‍ഡുകളും കോഹ്ലി തകര്‍ക്കുമെന്ന് എനിക്കുറപ്പുണ്ട്.

എന്നാല്‍, ടെസ്റ്റില്‍ 200 മത്സരങ്ങള്‍ കളിച്ച സച്ചിന്റെ റിക്കാര്‍ഡ് തകര്‍ക്കാന്‍ കോഹ്ലിക്കു സാധിച്ചേക്കില്ല. കോഹ്ലിക്കെന്നല്ല, ആര്‍ക്കും ഈ നേട്ടം തകര്‍ക്കാനാകില്ലെന്നാണു ഞാന്‍ കരുതുന്നതെന്നും സേവാഗ് പറഞ്ഞു.സ്റ്റീവ് സ്മിത്തിനേക്കാള്‍ മികച്ച ബാറ്റ്‌സ്മാന്‍ കോഹ്ലിയാണെന്നും കണ്ണുകള്‍ക്ക് ആനന്ദകരമാകുന്നതു കോഹ്ലിയുടെ ബാറ്റിംഗാണെന്നും സേവാഗ് പറഞ്ഞു. അതുകൊണ്ടാണ് അദ്ദേഹം നിലവില്‍ ലോകത്തെ ഒന്നാം നന്പര്‍ ബാറ്റ്‌സ്മാനാകുന്നതെന്നും മുന്‍ ഇന്ത്യന്‍ താരം കൂട്ടിച്ചേര്‍ത്തു.

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി സെഞ്ചുറി നേടി കോലി ശ്രദ്ധ നേടിയിരുന്നു. ഇതോടെ ഏകദിനത്തില്‍ കോലിയുടെ സെഞ്ചുറിയെണ്ണം 43 ആയി ഉയര്‍ന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒന്നാമതു നില്‍ക്കുന്നത് സച്ചിന്റെ പേരിലുളള 49 സെഞ്ചുറികളാണ്. 463 ഏകദിനങ്ങളില്‍നിന്നാണിത്. ഇത്രയും മല്‍സരങ്ങളില്‍നിന്ന് 44.83 റണ്‍ ശരാശരിയില്‍ 18,426 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. കോലിക്കാകട്ടെ, 239 ഏകദിനങ്ങളില്‍നിന്ന് 60.31 റണ്‍ ശരാശരിയുണ്ട്.

അതേസമയം, ടെസ്റ്റില്‍ സച്ചിന്റെ റെക്കോര്‍ഡുകള്‍ കോലിക്ക് വളരെ ‘അകലെയാണ്’. സച്ചിന്റെ പേരില്‍ 200 ടെസ്റ്റുകളിലെ 329 ഇന്നിങ്‌സുകളില്‍നിന്നായി 51 സെഞ്ചുറികളുണ്ട്. കോഹ്ലിയാവട്ടെ 77 ടെസ്റ്റുകള്‍ മാത്രമാണു കളിച്ചത്. എന്നിരുന്നാലും 131 ഇന്നിംഗ്‌സുകളില്‍നിന്നായി 6613 റണ്‍സ് നേടിക്കഴിഞ്ഞു. 25 ടെസ്റ്റ് സെഞ്ചുറികള്‍ ഇതുവരെ കോഹ്ലിയുടെ അക്കൗണ്ടിലുണ്ട്. എന്നാല്‍ സച്ചിന്റെ ടെസ്റ്റ് അക്കൗണ്ടില്‍ 51 സെഞ്ചുറികളാണുള്ളത്.