കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ കാണാതായ ലൈഫ് ഗാര്‍ഡിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു

ശംഖുംമുഖം ബീച്ചില്‍ കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ കാണാതായ ലൈഫ് ഗാര്‍ഡ് ജോണ്‍സണ്‍ ഗബ്രിയേലിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. ഇന്നലെ കോസ്റ്റല്‍ പൊലീസിന്റെയും ഫിഷറീസ് വകുപ്പിന്റെയും നേത്യത്വത്തിലും ലൈഫ് ഗാര്‍ഡുമാര്‍ സ്വന്തം നിലയില്‍ ഏര്‍പ്പെടുത്തിയ രണ്ട് ബോട്ടുകളിലുമായി ഇന്നലെ തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല.

കടലില്‍ ചാടിയ മൂന്നാര്‍ സ്വദേശി 22കാരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നഗരത്തിലെ സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരിയാണ് . ഇവരുടെ മാനസികാവസ്ഥ കണക്കിലെടുത്ത് ആത്മഹത്യാശ്രമത്തിന് കേസെടുക്കണോ വേണ്ടയോയെന്ന കാര്യം തീരുമാനിക്കുമെന്ന് ശംഖുംമുഖം അസി. കമ്മിഷണര്‍ എസ്. ഇളങ്കോ പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെ് ബീച്ചിലെത്തിയ യുവതി എല്ലാവരും നോക്കിനില്‍ക്കേ കടലിലേക്ക് ചാടുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ജോണ്‍സണും കൂടെയുണ്ടായിരുന്ന മറ്റ് അഞ്ച് ലൈഫ് ഗാര്‍ഡുകളും ചേര്‍ന്ന് യുവതിയെ രക്ഷിക്കുകയായിരുന്നു. കരയില്‍ നിന്ന മറ്റ് ലൈഫ് ഗാര്‍ഡുകള്‍ ജോണ്‍സനെ കരയിലേക്ക് വലിച്ചുകയറ്റുന്നതിനിടെ ശക്തമായ തിരയടിച്ചിലുണ്ടായി.

തിരയില്‍പ്പെട്ട് വെള്ളത്തിലേക്ക് വീണ ജോണ്‍സണ്‍ കരിങ്കല്ലില്‍ തലയടിച്ചതിനെത്തുടര്‍ന്ന് ബോധരഹിതനാവുകയും ഇയാളെ രക്ഷപ്പെടുത്താന്‍ കൂടെയുള്ളവര്‍ ശ്രമിക്കുന്നതിനിടെ വീണ്ടും തിരയടിച്ചുലുണ്ടാവുകയും ജോണ്‍സണ്‍ കടലിലേക്ക് വീഴുകയുമായിരുന്നു. കണ്ണാന്തുറ രാജീവ് നഗര്‍ സ്വദേശിയായ ജോണ്‍സണ്‍ 2007ലാണ് ലൈഫ് ഗാര്‍ഡായി ജോലിയില്‍ പ്രവേശിച്ചത്. ശാലിനിയാണ് ഭാര്യ. ആതിര ജോണ്‍, അബി ജോണ്‍ എന്നിവരാണ് മക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here