പാലാരിവട്ടം മേല്‍പ്പാലം അഴിമതി: രക്ഷപ്പെടാന്‍ ഇബ്രാഹിം കുഞ്ഞ് നടത്തിയ നീക്കത്തിന് തടയിട്ട് വിജിലന്‍സ്; അന്വേഷണം കൂടുതല്‍ യുഡിഎഫ് നേതാക്കളിലേക്കും

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ് അന്വേഷണം യുഡിഎഫിലേക്കും.

മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തതോടെ അഴിമതിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനുള്ള യുഡിഎഫ് നീക്കത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.

പാലാരിവട്ടം പാലത്തിലെ അഴിമതി പുറത്തുവന്നതു മുതല്‍ വി കെ ഇബ്രാഹിം കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു യുഡിഎഫ് നേതൃത്വം. അതിന്റെ ഭാഗമായി ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെയുള്ളവര്‍ തീവ്ര പരിശ്രമം നടത്തിവരികയായിരുന്നു. യുഡിഎഫ് നേതാക്കളെ അണിനിരത്തി സംഘടിപ്പിച്ച സത്യാഗ്രഹ സമരം അതിനൊരുദാഹരണമായിരുന്നു.

തീര്‍ന്നില്ല, ഇബ്രാഹിം കുഞ്ഞിന്റെ രക്ഷകനായി പിന്നീടെത്തിയത് പി ടി തോമസ് എം എല്‍ എ. വൈറ്റില മേല്‍പ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന്റെ മറപിടിച്ച് എം എല്‍ എ സമര നാടകംതന്നെ നടത്തി. പക്ഷേ അത് വേണ്ടത്ര ഏശിയില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് നേരത്തെ ചോദ്യം ചെയ്യപ്പെട്ടവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ പ്രത്യേകം ചോദ്യാവലി തയ്യാറാക്കിയുള്ള വിജിലന്‍സിന്റെ ചോദ്യം ചെയ്യലില്‍ മുന്‍ മന്ത്രിക്ക് ഉത്തരം മുട്ടിയെന്നാണ് സൂചന.

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് സ്പീഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാലം നിര്‍മ്മിച്ചത്.ദേശീയ പാത അതോറിറ്റി പണിയേണ്ട പാലം സംസ്ഥാന സര്‍ക്കാര്‍ എറ്റെടുത്തതു തന്നെ അഴിമതിക്കു വേണ്ടിയാണെന്ന് അന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു.പാലം നിര്‍മ്മിച്ച് 3 വര്‍ഷത്തിനകം തകര്‍ന്നപ്പോള്‍ ആരോപണം ശരിയാണെന്ന് തെളിഞ്ഞു.

നിയമപ്രകാരമുള്ള ടെന്‍ഡറില്ലാതെയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെയുമായിരുന്നു പാലത്തിന്റെ നിര്‍മ്മാണം.കരാറുകാരില്‍ അഴിമതിക്കാരും ബന്ധുക്കളുമെല്ലാം ഉള്‍പ്പെട്ടു. ഇബ്രാഹിം കുഞ്ഞ് ചെയര്‍മാനായിരുന്ന RBDCKയും കിറ്റ്‌ക്കോയും ഉള്‍പ്പെട്ട ഗൂഢാലോചനയാണ് നടന്നതെന്ന് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.

41 കോടി രൂപ മുടക്കി നിര്‍മ്മിച്ച പാലം ഇനി പഴയ സ്ഥിതിയിലാകാന്‍ വീണ്ടും 18 കോടി ചെലവിടണമെന്നാണ് ഇ ശ്രീധരന്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ മേല്‍ പഴി ചാരി അഴിമതിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇബ്രാഹിം കുഞ്ഞ് നടത്തിയ നീക്കത്തിന് തടയിട്ട വിജിലന്‍സിന്റെ അന്വേഷണം കൂടുതല്‍ യു ഡി എഫ് നേതാക്കളിലേക്കും എത്തുമെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News