ശ്രീലങ്കയില്‍ അടിഞ്ഞ കേരള രജിസ്‌ട്രേഷന്‍ ബോട്ടിനെ കുറിച്ച് ഐ.ബിയും നേവി, കോസ്റ്റ്ഗ്വാര്‍ഡ്, ഇന്റലിജന്‍സുകളും അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം വിഴിഞ്ഞം പൂവാര്‍ സ്വദേശി മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫൈബര്‍ ബോട്ട്.

ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലാണ് കേരള ഫിഷറീസിന്റെ രജിസ്‌ട്രേഷനുള്ള ഫൈബര്‍ ബോട്ട് ശ്രീലങ്കയിലെ ബഹിവാലാ ബീച്ചില്‍ അടിഞ്ഞത്. ശ്രീലങ്കന്‍ ഹൈക്കമ്മീഷണര്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ ഔദ്യോഗികമായി സംഭവം അറിയിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കെ.എല്‍.01.ബി.35019 എന്ന യഹോവ യീറാ ബോട്ട് വിഴിഞ്ഞം പൂവാര്‍ സ്വദേശി മാര്‍ട്ടിന്റേതാണെന്നു കണ്ടെത്തി.

തമിഴ്‌നാട് മുട്ടത്തിനിന്ന് 7-ാം തീയതി മത്സ്യബന്ധനത്തിനിടെ കടല്‍ ക്ഷോഭത്തില്‍പ്പെട്ട് ഗ്രൂപ് ഫിഷിംങിലെ തന്റെ കാര്യര്‍ വള്ളം രാത്രി 12 മണിക്ക് നഷ്ടപ്പെട്ടതായികാട്ടി മടങ്ങി എത്തിയ മാര്‍ട്ടിന്‍ പൂവാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.ബോട്ട് മറ്റൊരാളില്‍ നിന്ന് വാങ്ങിയതാണെന്നും ബോട്ട് നഷ്ടപ്പെടുമ്പോള്‍ എഞ്ചിന്‍ ഉണ്ടായിരുന്നുവെന്നും മാര്‍ട്ടിന്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

അതേ സമയം ശ്രീലങ്കന്‍ തീരത്തടിഞ്ഞ ബോട്ടില്‍ എഞ്ചിന്‍ ഉണ്ടായിരുന്നില്ല, പക്ഷെ ഓയില്‍ ടാങ്കുണ്ടായിരുന്നുവെന്ന് ബോട്ട് കസ്റ്റഡിയില്‍ എടുത്ത ശ്രീലങ്കന്‍ രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചു. ഇതേ കാലയളവില്‍ മറ്റൊരു ബോട്ടും നഷ്ടപ്പെട്ടതായി ഒരു പരാതി കൂടി പോലീസിന് ലഭിച്ചിട്ടുണ്ട്.

ഐ.ബി.നേവി, കോസ്റ്റ്ഗ്വാര്‍ഡ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ മാര്‍ട്ടിന്റെ മൊഴി രേഖപ്പെടുത്തി അന്വേഷണം തുടങ്ങി.തമിഴ്‌നാട്ടിലേക്ക് ശ്രീലങ്കയില്‍ നിന്ന് തീവ്രവാദികള്‍ കടന്നതായുള്ള രഹസ്യ വിവരംകൂടി പുറത്തുവന്നതോടെ കേരള തീരത്തും സുരക്ഷ ശക്തമാക്കി.