ഓട്ടിസം ബാധിച്ച കുട്ടിയെ അദ്ധ്യാപകന്‍ പീഡിപ്പിച്ച സംഭവം കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി.ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പ്രത്യേക സംഘമാണ് മൊഴി രേഖപെടുത്തിയത്.കുട്ടി പീഡനത്തിന് ഇരയായതായി ബോദ്ധ്യപ്പെട്ടെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി.

ഓട്ടിസം ബാധിച്ച ആണ്‍ കുട്ടിയെ സ്‌ക്കൂള്‍ അദ്ധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ച പരാതിയില്‍ കുട്ടിയുടെ വൈദ്യ പരിശോധനയും, രഹസ്യമൊഴിയടക്കമുള്ളവ രേഖപ്പെടുത്തിയെങ്കിലും പോലീസിനോടും മജിസ്‌ട്രേറ്റിനോടും കുട്ടി കൊടുത്ത മൊഴിയില്‍ പീഡനം നടന്ന സ്‌കൂളിനുള്ളിലെ സ്ഥലത്തെ പറ്റിയുള്ള വൈരുദ്ധ്യമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ കീഴില്‍ ഒരു വിദഗ്ധ ടീമിനെ കൊണ്ട് കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി.

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ സീനിയര്‍ ഡോക്ടറായ ഇന്ദു. വി. നായരുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് മൊഴി വീണ്ടും രേഖപ്പെടുത്തിയത്. മൊഴിയില്‍ കുട്ടി പീഡനത്തിന് ഇരയായതായി സമിതിയ്ക്ക് ബോദ്ധ്യപ്പെട്ടു. എന്നാല്‍ ആരോപണവിദേയനായ അധ്യാപകന്‍ ഇപ്പോഴും ഒളിവിലാണ്.അദ്ധ്യാപകന്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുകയാണെന്നും വിധി പറയുന്നതിനായി ഈ മാസം 26-ാം തിയതിയിലേക്ക് കേസ് മാറ്റിയതിനാലാണ് അറസ്റ്റു ചെയ്യാത്തത് എന്നും ജാമ്യം കിട്ടിയില്ലങ്കില്‍ ഉടന്‍ പ്രതിയെ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

സംഭവത്തില്‍ ശ്രീകാര്യം പൊലീസ് പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പൊലീസില്‍ പരാതി നല്‍കുന്നതിന് മുമ്പ് തന്നെ അദ്ധ്യാപകന്‍ ഒളിവില്‍ പോയി എന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ പായുന്നത്.