കൊച്ചിയില്‍ കാല്‍നടയാത്രക്കാരനെ കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍

കൊച്ചിയില്‍ കാല്‍നടയാത്രക്കാരനെ കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. പള്ളുരുത്തി സ്വദേശി നഹാസിനെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിന്റെ ബോണറ്റിലേക്ക് തെറിച്ചുവീണ കാല്‍നടയാത്രക്കാരനായ നിശാന്തിന്റെ കാലിലൂടെ കാര്‍ കയറ്റിയിറക്കി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

പളളുരുത്തി കച്ചേരിപ്പടി കാട്ടുമ്മേല്‍പ്പറമ്പില്‍ നഹാസിനെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. നഹാസിന്റെ പിതാവ് നസീറിന്റെ പേരിലുളള കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകിട്ടാണ് ഇടപ്പള്ളി മരോട്ടിച്ചോടില്‍ നിന്നും പാലാരിവട്ടം ഭാഗത്തേക്ക് സര്‍വ്വീസ് റോഡിലൂടെ വന്ന സ്വിഫ്റ്റ് ഡിസയര്‍ ടാക്‌സി കാര്‍ വഴിയാത്രക്കാരനായ നിശാന്തിനെ ഇടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ തെറിച്ച് ബോണറ്റിന് മുകളിലേക്ക് വീണ നിശാന്തിനെയും കൊണ്ട് കാര്‍ അമിതവേഗത്തില്‍ അരക്കിലോമീറ്ററോളം ഓടിച്ചു. തുടര്‍ന്ന് സഡന്‍ ബ്രേക്കിട്ട് വണ്ടി നിര്‍ത്തിയതോടെ റോഡിലേക്ക് തെറിച്ചുവീണ നിശാന്തിന്റെ കാലിലൂടെ കാര്‍ കയറിയിറങ്ങുകയും ചെയ്തു. സംഭവത്തിന്റെ ക്രൂരത വെളിവാക്കുന്ന ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാലാരിവട്ടം ഭാഗത്തേക്ക് അമിത വേഗത്തില്‍ ഓടിച്ചുപോയ കാര്‍ പിന്നീട് തകര്‍ന്ന ഗ്ലാസുകള്‍ നന്നാക്കാനായി മാംമംഗത്തെ വര്‍ക്ക് ഷോപ്പില്‍ എത്തിച്ചതായി പൊലീസ് കണ്ടെത്തിയത്. വര്‍ക്ക് ഷോപ്പ് ജീവനക്കാരില്‍ നിന്ന് നഹാസിനെക്കുറിച്ച് വിവരമറിയുകയും പളളുരുത്തിയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇയാള്‍ക്കെതിരെ 326, 308 വകുപ്പുകള്‍ പ്രകാരം, മരണം വരെ സംഭവിക്കാനുളള അറിവോടയെുളള കുറ്റം ഉള്‍പ്പെടെ ചുമത്തിയിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡി അപേക്ഷയും നല്‍കും. അതേസമയം പരിക്കേറ്റ നിശാന്തിന്റെ വലതുകാലിന് അഞ്ച് ഒടിവുകളുണ്ട്. ഇടുകാലിനും നടുവിനും സാരമായി പരിക്കേറ്റിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News