ദില്ലി: ധനകാര്യമന്ത്രി നടത്തിയ പ്രഖ്യാനങ്ങള്‍ തൊഴില്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും നേരെ കേന്ദ്ര സര്‍ക്കാര്‍ കണ്ണടക്കുകയാണ്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ നിര്‍മല സീതാരാമന്‍ ഇളവുകള്‍ പ്രഖ്യാപിച്ചത് കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

രാജ്യം ഇതുവരെ കാണാത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ വെളിപ്പെടുത്തിയത്തിന് പിന്നാലെയാണ് പിന്നാലെ ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ മാധ്യമങ്ങളെ കണ്ടത്.

ഓഹരി അടക്കമുള്ള വന്‍കിട നിക്ഷേപങ്ങള്‍ക്കുള്ള അധിക സര്‍ച്ചാര്‍ജ് പിന്‍വലിക്കുന്നത് അടക്കമുള്ള പ്രഖ്യാപനങ്ങള്‍ ആണ് നിര്‍മല സീതാരാമന്‍ ഇന്നലെ നടത്തിയത്. എന്നാല്‍ ധനകാര്യമന്ത്രിയുടെ ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തെ ശക്തമായി വിമര്‍ശിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി.

ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനം പിആര്‍ വര്‍ക്ക് മാത്രം ആയിരുന്നു. ഇന്നലെ ഇളവുകള്‍ പ്രഖ്യാപിച്ചത് കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമാണ്. വന്‍കിട നിക്ഷേപങ്ങള്‍ക്കുള്ള അധിക സര്‍ച്ചാര്‍ജ് പിന്‍വലിച്ചപ്പോള്‍ ദുരിതത്തില്‍ ആത്മഹത്യ ചെയ്യേണ്ടി വരുന്ന കര്‍ഷകര്‍ക്ക് ഇളവുകള്‍ ഒന്നും തന്നെ പ്രഖ്യാപിക്കുന്നില്ല.

തൊഴില്‍ വര്‍ധിപ്പിക്കാനുള്ള ഒരു നടപടിയും ഉണ്ടാകുന്നില്ല. സാധാരണക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പോലും സര്‍ക്കാര്‍ കാണുന്നില്ലെന്നും യെച്ചൂരി വിമര്‍ശിച്ചു. അതോടൊപ്പം സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ ആണെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസും രംഗത്തു വന്നിട്ടുണ്ട്.