കെവിന്‍ വധക്കേസ്: പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍; കോടതിമുറിയില്‍ നാടകീയ രംഗങ്ങള്‍, പ്രതികളുടെ കൂട്ടക്കരച്ചില്‍; വിധി 27ന്

കോട്ടയം: സംസ്ഥാനത്തെ ആദ്യ ദുരഭിമാനക്കൊലയായി കോടതി കണ്ടെത്തിയ കെവിന്‍ കേസില്‍ കുറ്റക്കാരുടെ ശിക്ഷാവിധി 27ന് പ്രഖ്യാപിക്കും.

കോട്ടയം ജില്ലാ സെഷന്‍സ് ജഡ്ജി എസ് ജയചന്ദ്രനാണ് വിധി പ്രഖ്യാപിക്കുക.

പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ലാത്ത കേസുകളിലും വധശിക്ഷ നല്‍കിയ സംഭവങ്ങള്‍ ഉണ്ടെന്നും ദുരഭിമാനക്കൊല പ്രത്യേക കേസായി പരിഗണിക്കണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

അതേസമയം, പ്രതികള്‍ക്ക് തെറ്റ് തിരുത്താനും ജീവിക്കാനും അവസരം നല്‍കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. കോടതിമുറിയില്‍ പ്രതിഭാഗം അഭിഭാഷകനും പ്രതികളും വികാരാധീനനായി.

നീനുവിന്റെ സഹോദരനും ഒന്നാംപ്രതിയുമായ ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ് മോന്‍ (ചിന്നു), മൂന്നാംപ്രതി ഇഷാന്‍ ഇസ്മയില്‍, നാലാംപ്രതി റിയാസ് ഇബ്രാഹിംകുട്ടി, ആറാംപ്രതി മനു മുരളീധരന്‍, ഏഴാംപ്രതി ഷിഫിന്‍ സജാദ്, എട്ടാംപ്രതി എന്‍ നിഷാദ്, ഒമ്പതാംപ്രതി ഫസില്‍ ഷെരീഫ്, 11-ാംപ്രതി ഷാനു ഷാജഹാന്‍, 12-ാംപ്രതി ടിറ്റു ജെറോം എന്നിവരാണ് കേസിലെ കുറ്റക്കാര്‍.

2018 മേയ് 28നാണ് നട്ടാശേരി പ്ലാത്തറ വീട്ടില്‍ കെവിനെ(24) ചാലിയേക്കര തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ദളിത് ക്രിസ്ത്യനായ കെവിന്‍ മറ്റൊരു സമുദായത്തില്‍പ്പെട്ട തെന്മല സ്വദേശിനി നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News